23 April Monday

തണ്ണീര്‍മുക്കം ഷട്ടര്‍ ഉയര്‍ത്തി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

ചേര്‍ത്തല > തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങി. വെള്ളിയാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന തണ്ണീര്‍മുക്കം ബണ്ട് ഉപദേശക സമിതിയുടെ തീരുമാനം അനുസരിച്ചാണ് ശനിയാഴ്ച രാവിലെ ഷട്ടര്‍ ഉയര്‍ത്തല്‍ ആരംഭിച്ചത്. ആദ്യദിനം 21 ഷട്ടറുകള്‍ ഉയര്‍ത്തി. ജലസേചന വകുപ്പ് മെക്കാനിക്കല്‍ വിഭാഗം അസി. എന്‍ജിനിയറുടെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കം പ്രോജക്ട് ജീവനക്കാരാണ് ജോലികള്‍ ചെയ്യുന്നത്. മണല്‍ച്ചിറ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി മരങ്ങള്‍ വെട്ടിനീക്കിയപ്പോള്‍ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റിയത് ഷട്ടര്‍ ഉയര്‍ത്തലിനെ ബാധിച്ചു. മറ്റൊരു ലൈനിലെ വൈദ്യുതി ഉപയോഗിച്ചാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചത്. തിങ്കളാഴ്ചയും ജോലി തുടരും.

62 ഷട്ടറുകളാണ് ബണ്ടിനുള്ളത്. ഇതില്‍ 10 എണ്ണം എമര്‍ജന്‍സി ഷട്ടറുകളാണ്. വൈദ്യുത മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ക്രെയിന്‍ ഉപയോഗിച്ചാണ് ഇവ ഉയര്‍ത്തുന്നത്. ഷട്ടര്‍ അടഞ്ഞുകിടക്കുന്നത് തെക്കന്‍ മേഖലയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും മത്സ്യത്തൊഴിലാളി മേഖലയ്ക്ക് കടുത്ത പ്രതിസന്ധിയാകുന്നതും കണക്കിലെടുത്താണ് അടിയന്തര നടപടി. കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള രാസകീടനാശിനികളും വഞ്ചിവീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും ബണ്ടിന്റെ തെക്കന്‍ ഭാഗത്തെ കായലില്‍ കെട്ടിക്കിടക്കുന്നുണ്ട്. മേഖലയില്‍ ജലമലിനീകരണം രൂക്ഷമെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യോല്‍പ്പാദനം ഗണ്യമായി കുറഞ്ഞതായും കണ്ടെത്തി.

 ബണ്ടിന്റെ വടക്കന്‍ മേഖലയില്‍നിന്ന് ഓരുവെള്ളം തെക്കോട്ട് പ്രവേശിക്കുന്നതിനും തെക്കന്‍ മേഖലയിലെ മാലിന്യം ഒഴുകിപ്പോകുന്നതിനുമാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. ഓരുവെള്ള സാന്നിധ്യം മത്സ്യസമ്പത്ത് വര്‍ധനയ്ക്ക് അനിവാര്യവുമാണ്. മാര്‍ച്ച് 15ന് ഷട്ടറുകള്‍ തുറക്കണമെന്നാണ് നേരത്തെയുള്ള തീരുമാനവും സര്‍ക്കാര്‍ നിലപാടും. എന്നാല്‍, കുട്ടനാടന്‍ മേഖലയിലെ നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയാകാത്തത് നടപടി വൈകിപ്പിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്നു. അത് കണക്കിലെടുത്താണ് പൊതു അവധിയാണെങ്കിലും ശനിയാഴ്ച ഷട്ടര്‍ ഉയര്‍ത്തല്‍ തുടങ്ങിയത്. 

കാര്‍ഷിക കലണ്ടര്‍ കൃത്യമായി പാലിച്ച് നെല്‍കൃഷി വേണമെന്നും ബണ്ടിന്റെ ഷട്ടര്‍ യഥാസമയം ഉയര്‍ത്തണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. ഇക്കാര്യം ഉറപ്പാക്കാന്‍ വെള്ളിയാഴ്ചത്തെ യോഗം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

പ്രധാന വാർത്തകൾ
Top