Top
23
Tuesday, January 2018
About UsE-Paper

പ്രവാസി ചിട്ടിക്ക് പിന്തുണ

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ആവിഷ്കരിക്കുന്ന കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി പദ്ധതിക്ക് ലോക മലയാളികളുടെ പിന്തുണ. രണ്ടാംദിനത്തിലെ ധനകാര്യം വിഷയത്തിലെ മേഖലാ സമ്മേളനത്തിലാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്.

പെന്‍ഷനും ഇന്‍ഷുറന്‍സ് സംരക്ഷണവും ബന്ധിപ്പിച്ചുള്ള പ്രവാസി ചിട്ടികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍മാത്രമായി പരിമിതപ്പെടുത്തരുത്. യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ചേരാന്‍ അവസരം നല്‍കണം. ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണം. ലാഭം ഉറപ്പാക്കുന്ന കൂടുതല്‍ പദ്ധതികള്‍ കിഫ്്ബി നടപ്പാക്കണം. ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് സോവറിന്‍ ഫണ്ടുപോലുള്ള നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണം. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍ പ്രവാസികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കണം. കെഎസ്എഫ്ഇയെ ബാങ്കാക്കി മാറ്റണം. പ്രവാസി സമൂഹത്തിനായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം.

രണ്ട് വര്‍ഷത്തില്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൌഭാഗ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. 10 ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ് പ്രതീക്ഷ. ബാങ്ക് നിരക്കിനേക്കാള്‍ കൂടിയ പലിശ കിട്ടുന്ന ചിട്ടി കേരളവികസന പ്രക്രിയയില്‍ പങ്കാളിയാകാനും പ്രവാസികള്‍ക്ക് അവസരം നല്‍കുന്നുവെന്ന് ഐസക് ചൂണ്ടിക്കാട്ടി.

എംഎല്‍എമാരായ കെ എം മാണി, കെ സുരേഷ് കുറുപ്പ്, ടി വി രാജേഷ്, അഡ്വ. എം ഉമ്മര്‍, വി ഡി സതീശന്‍, പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ഡോ. ഗീത ഗോപിനാഥ്, കെ എം എബ്രഹാം, മനോജ് ജോഷി, വി എസ് സെന്തില്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

പ്രവാസി സ്ത്രീകളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണം

* സ്വന്തം ലേഖകന്‍

തിരുവനന്തപുരം > പ്രവാസി വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്നും ബോധവല്‍ക്കരണപദ്ധതി നടപ്പാക്കണമെന്നും 'സ്ത്രീകളും പ്രവാസവും' ഉപസമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള കൌണ്‍സലിങ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും വയോജനങ്ങള്‍ക്കായി പ്രത്യേക സംരക്ഷണ പാക്കേജ് തയ്യാറാക്കാനും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  മാനസിക സംഘര്‍ഷം അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് പഞ്ചായത്തുതോറും സൌജന്യ കൌണ്‍സലിങ് സെന്റര്‍ തുടങ്ങണമെന്നും ആവശ്യമുയര്‍ന്നു.
വിദേശ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം. ഇത് പരിഹരിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി രൂപീകരിച്ച പുതിയ വകുപ്പിലൂടെ നിയമബോധവല്‍ക്കരണം നടത്തണം. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് ജോലിസംബന്ധമായ അറിവ് നല്‍കാന്‍ തൊഴില്‍ നൈപുണ്യ പാക്കേജുകള്‍ തയ്യാറാക്കണം.

മനുഷ്യക്കടത്തും താമസസൌകര്യം ഇല്ലാത്തതും പ്രവാസി സ്ത്രീകളെ പ്രതിസന്ധിയിലെത്തിക്കുന്നു. അനധികൃതമായി താമസിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവന്ന നിരവധി പ്രവാസി സ്ത്രീകളുണ്ട്. നിസ്സാര തെറ്റിന് ശിക്ഷ നേരിടുന്ന സ്ത്രീകള്‍ ഇന്നും വിദേശ ജയിലുകളിലുണ്ട്. ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതര സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവരെക്കുറിച്ചുള്ള വ്യക്തമായ രേഖ ഉണ്ടാകണമെന്നും അഭിപ്രായമുണ്ടായി.
മന്ത്രി കെ കെ ശൈലജ, പി കെ ശ്രീമതി എംപി, വീണ ജോര്‍ജ് എംഎല്‍എ, ജയില്‍ മേധാവി ആര്‍ ശ്രീലേഖ, ഉഷ ടൈറ്റസ്, ബിജു പ്രഭാകര്‍ എന്നിവരും സംസാരിച്ചു.