23 July Monday

എന്‍ആര്‍ഐ നിക്ഷേപത്തിന് ഏകജാലകം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

തിരുവനന്തപുരം > എന്‍ആര്‍ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനം ആരംഭിക്കണമെന്ന നിര്‍ദേശത്തില്‍ സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന്റെ സമാപന പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിനാവശ്യമായ അനുമതി വേഗത്തിലാക്കാനും ഏകജാലക അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും.

കണ്ണൂര്‍, ശബരിമല വിമാനത്താവളങ്ങള്‍ പോലുള്ള പുതിയ വികസന കേന്ദ്രങ്ങളില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം നടത്താം. നാഷണല്‍ ഹൈവേകളിലെ വിശ്രമകേന്ദ്രങ്ങള്‍ മറ്റൊരു നിക്ഷേപ മേഖലയാകണമെന്ന നിര്‍ദേശവും പരിശോധിക്കും. റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായസ്ഥാപനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ വൈദ്യുതി, ശുദ്ധജല-നാളികേര ഉത്പന്ന വിപണനം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ക്കുള്ള പ്രവാസികളുടെ നിക്ഷേപ സാധ്യതകള്‍ പഠനവിധേയമാക്കും. കാര്‍ഷിക രംഗത്ത് സംഭരണവും വിതരണവും ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവാസിനിക്ഷേപം കൊണ്ടുവരുന്നതോടൊപ്പം ചക്ക, മാങ്ങ, നാളികേരം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വികസനവും വിപണന സാധ്യതയും മെച്ചപ്പെടുത്താനാവും എന്ന നിര്‍ദേശവുമുണ്ട്. വിദേശ രാജ്യങ്ങളിലെ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി മാലിന്യപ്രശ്നം പരിഹരിക്കണം. ഇതിനായി സാങ്കേതിക സഹായവും നിക്ഷേപവും കൊണ്ടുവരുന്നതിനുള്ള നിര്‍ദേശമുണ്ട്. ശ്ളാഘനീയമായ ഈ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും.

പ്രവാസക്ഷേമത്തിന് സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ക്രിയാത്മകമായി ചെയ്യാവുന്ന കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികളുടെ സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. ഇക്കാര്യം പരിശോധിക്കും.
വിദേശത്ത് അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന നിര്‍ദേശം തീര്‍ച്ചയായും പരിഗണിക്കും. പ്രവാസികള്‍ക്ക് നിയമസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അത് കൂടുതല്‍ വിപുലപ്പെടുത്തും. വിദേശരാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനുള്ള സൌകര്യം ഒരുക്കും.

തിരിച്ചുവരുന്നവരുടെ സംരക്ഷണം, അവര്‍ക്ക് ചികിത്സാ ചെലവുകളുംമറ്റും ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായ പഠനം നടത്തി തീരുമാനമെടുക്കും.

പ്രവാസി വനിതകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങളില്‍ കഴിയാവുന്ന ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.  റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തും. നേഴ്സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രൊഫഷണലുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം നോര്‍ക്കയുടെ കീഴില്‍കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top