Top
22
Monday, January 2018
About UsE-Paper

ആലപ്പുഴ സമ്മേളനത്തിന് ഉജ്വലതുടക്കം

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

പി കെ സി നഗര്‍ (കായംകുളം) > സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. കായംകുളത്തെ പി കെ ചന്ദ്രാനന്ദന്‍ നഗറില്‍ (മികാസ് ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.

തിങ്കളാഴ്ച പൊതുപ്രകടനത്തിനും ചുവപ്പുസേനാ മാര്‍ച്ചിനുംശേഷം എല്‍മെക്സ് ഗ്രൌണ്ടില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ രക്തപതാക ഉയര്‍ത്തിയതോടെയാണ് ജില്ലാ സമ്മേളന നടപടികള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ ദീപശിഖ തെളിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ആര്‍ നാസര്‍ താല്‍ക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എം എ അലിയാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു. വൈകിട്ട് ആരംഭിച്ച പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും. ആര്‍ നാസര്‍ (കണ്‍വീനര്‍), കെ രാഘവന്‍, എ എം ആരിഫ് എംഎല്‍എ, മനു സി പുളിക്കല്‍, ലീല അഭിലാഷ് എന്നിവര്‍ അടങ്ങുന്നതാണ് പ്രസീഡിയം.

വിവിധ ഏരിയകളില്‍ നിന്ന് തെരഞ്ഞെടുത്ത 340 പ്രതിനിധികളും 42 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം സി ജോസഫൈന്‍, വൈക്കം വിശ്വന്‍, എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.