21 October Sunday

പ്രവാസി വാണിജ്യ ചേംബറുകള്‍ രൂപീകരിക്കും; ലോക കേരളസഭയ്ക്ക് സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

ലോക കേരളസഭയുടെ സമാപനസമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വരദരാജന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ സമീപം

തിരുവനന്തപുരം > വിദേശത്തുള്ള വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്താന്‍ പ്രവാസി വാണിജ്യ ചേംബറുകള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളുമായി ലോക കേരളസഭയുടെ ആദ്യസമ്മേളനം സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന പ്രസംഗത്തിലാണ് നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഒരോ വിദേശ മേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ചേംബറുകളും കേരളത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളും തമ്മില്‍ സുഹൃദ്ബന്ധം വളര്‍ത്തി ആഗോളതലത്തില്‍ മലയാളികളുടെ വ്യവസായ- വാണിജ്യ സംരംഭക കൂട്ടുകെട്ടാണ് ലക്ഷ്യമിടുന്നത്.

* പ്രവാസി പ്രൊഫഷണല്‍ സമിതികള്‍

എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കും. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും. അതുവഴി കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക വൈജ്ഞാനികമേഖലയില്‍ വികസനം സാധ്യമാക്കും.

* നോര്‍ക്കയില്‍ പ്രത്യേക വിഭാഗം

വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ എല്ലാ മലയാളികള്‍ക്കുമായി പ്രത്യേക വിഭാഗങ്ങള്‍ നോര്‍ക്കയിലുണ്ടാക്കും. വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രൊഫഷണലുകളെ ഏല്‍പ്പിക്കും.

* കേരള വികസന നിധി


നിശ്ചിത തുകയ്ക്കുള്ള നിക്ഷേപം പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കുന്നവര്‍ക്ക് പ്രവാസം മതിയാക്കി മടങ്ങുമ്പോള്‍ നാട്ടില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍നിന്ന് മടങ്ങുമ്പോള്‍ നാട്ടില്‍ ഒരു തൊഴില്‍ ഉറപ്പാക്കുന്ന സംരംഭം ഈ രംഗത്തെ പുതുമയുള്ള കാല്‍വയ്പാകും.

* സംരംഭത്തിന് പ്രത്യേക വായ്പ

പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കാന്‍ പ്രത്യേക വായ്പാസൌകര്യം ഒരുക്കും. സംരംഭകരാകാന്‍ തയ്യാറാകുന്നവരുമായി, പ്രത്യേകിച്ച് പ്രൊഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിനുമുമ്പുതന്നെ ആശയവിനിമയം നടത്താന്‍ ഏജന്‍സി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുമതിയും നല്‍കും.

* സംരക്ഷണപദ്ധതി

രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ പദ്ധതി ഉണ്ടാക്കും. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചായിരിക്കും നടപ്പാക്കുക.

ഇതിനു പുറമെ സമ്മേളനത്തിലും സമാന്തര സെഷനുകളിലും കരട് രേഖയിലെ വിവിധവിഷയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുമെന്നും ചര്‍ച്ചയ്ക്കുള്ള രേഖ സമ്പുഷ്ടമാക്കുന്നതിലും സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിലും ഈ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും സഹായിച്ചിട്ടുണ്ട്. പ്രവാസിനിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍, പ്രത്യേകിച്ച് സാമ്പത്തികനിക്ഷേപം നടത്താന്‍ ആവശ്യമായവ, നടപ്പാക്കുന്നതും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്. വിവിധ പദ്ധതികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനാവശ്യമായ മാര്‍ഗരേഖ ഉണ്ടാക്കണമെന്ന നിര്‍ദേശവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top