Top
22
Monday, January 2018
About UsE-Paper

ചാന്ദ്രപ്രതലം 'ഉഴുതുമറിക്കാന്‍' ഐഎസ്ആര്‍ഒ

Sunday Jan 14, 2018
ദിലീപ് മലയാലപ്പുഴ

തിരുവനന്തപുരം > ചന്ദ്രന്റെ പ്രതലം 'ഉഴുതുമറിക്കാന്‍' ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ഐഎസ്ആര്‍ഒ തദ്ദേശീയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ചാന്ദ്രയാന്‍-2 വിക്ഷേപണം മാര്‍ച്ച് അവസാന വാരം നടക്കും. ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റിലാകും പേടകം കുതിക്കുകയെന്ന് നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ആദ്യ ചാന്ദ്രദൌത്യത്തില്‍നിന്ന് വ്യത്യസ്തമായി പരീക്ഷണശാലയെ ചന്ദ്രനില്‍ 'സോഫ്റ്റ് ലാന്‍ഡ്' ചെയ്യിക്കും. ഇതിനായുള്ള ലൂണാര്‍ ലാന്‍ഡര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നിവയെല്ലാം തയ്യാറായി. പേടകം ചന്ദ്രനില്‍ ഇറക്കുന്ന സ്ഥലവും നിശ്ചയിച്ചു.

റോവര്‍  ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് മണ്ണിന്റെ ഘടന, അന്തരീക്ഷം തുടങ്ങിവയെപ്പറ്റിയെല്ലാം വിശദ പഠനം നടത്തും. പ്രതലം തുരന്നുള്ള പരീക്ഷണങ്ങളും ഉണ്ടാകും. ചാന്ദ്രധൂളികളും കല്ലുകളും ശേഖരിച്ച് പരിശോധിക്കും. ജലസാന്നിധ്യത്തിന്റെ കൂടുതല്‍ വിവരങ്ങളും റോവര്‍ ശേഖരിക്കും. നിരീക്ഷണഫലങ്ങളും ശേഖരിച്ച വിവരങ്ങളും ചന്ദ്രനെ ഭ്രമണംചെയ്യുന്ന ഓര്‍ബിറ്ററിലേക്കും തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ ഗ്രൌണ്ട് സ്റ്റേഷനിലേക്കും അയക്കാന്‍ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 14 ദിവസത്തെ ദൌത്യംമാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ആയുസ്സ് നീണ്ടേക്കാമെന്നും ഡോ. ശിവന്‍ പറഞ്ഞു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാനിരീക്ഷണത്തിന് സഹായകമായ പുതിയ സാങ്കേതികവിദ്യകളോടുകൂടിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഒരുമാസത്തില്‍ ഒരു വിക്ഷേപണം എന്ന നിലയിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. നിലവില്‍ 42 ഉപഗ്രഹമാണ് നമുക്കുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി 42 ഉപഗ്രഹംകൂടി അടിയന്തരമായി വിക്ഷേപിക്കണം. കൂടാതെ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണ ആവശ്യവും പരിഗണിക്കണം.

വിക്ഷേപണവാഹനത്തിന്റെയും ഉപഗ്രഹത്തിന്റെയും സാങ്കേതികവിദ്യയില്‍ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ചെലവു കുറഞ്ഞതും ശേഷിയും കാര്യക്ഷമതയും കൂടിയതുമായ സാങ്കേതികവിദ്യക്കാണ് മുന്‍ഗണന നല്‍കുക. ഏറ്റവും കരുത്തുള്ള റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്-3 ഈ വര്‍ഷം പൂര്‍ണ വിക്ഷേപണ സജ്ജമാകുന്നതോടെ ആറ് ടണ്‍വരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ശേഷി ഐഎസ്ആര്‍ഒ കൈവരിക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ചരിത്രപദ്ധതിക്കും ഇത് ആക്കം കൂട്ടും.

വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിന് റോഡ് മാപ്പ് വിഎസ്എസ്സി തയ്യാറാക്കിയിട്ടുണ്ട്. പടിപടിയായുള്ള സാങ്കേതികവിദ്യാവികസനമാണ് ഇതിന്റെ അടിസ്ഥാനം. പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) പരീക്ഷിക്കും. മണിക്കൂറില്‍ 22,000 കിലോമീറ്റര്‍ വേഗത്തില്‍ ഏഴു ദിവസം ബഹിരാകാശത്ത് സഞ്ചരിക്കുന്ന വാഹനമാണ് ലക്ഷ്യം. സൂര്യനെപ്പറ്റി പഠിക്കാനുള്ള 'ആദിത്യ' ദൌത്യത്തിനുള്ള ഒരുക്കവും പുരോഗമിക്കുകയാണെന്ന് ഡോ. കെ ശിവന്‍ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »