17 January Thursday

ഗോവധവും ലൌ ജിഹാദും ഉന്നയിക്കുന്നത് ജനശ്രദ്ധ തിരിക്കാന്‍: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

പി കെ സി നഗര്‍ (കായംകുളം) >  ജനവിരുദ്ധനയങ്ങള്‍മൂലം അസംതൃപ്തരാകുന്ന ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഗോവധം, ലൌ ജിഹാദ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിജെപിയും സംഘപരിവാറും വര്‍ഗീയത ഇളക്കിവിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം മികാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശില്‍ ക്രിസ്മസ് കരോളിനിറങ്ങിയ പുരോഹിതരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. അവരെ സന്ദര്‍ശിക്കാനെത്തിയ പുരോഹിതരെയും ജയിലിലടച്ചു. എല്ലാ വിഭാഗങ്ങളും ആവശ്യപ്പെട്ടിട്ടും സര്‍വാദരണീയനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കിയില്ല. പട്ടികജാതിക്കാരായ കുട്ടികള്‍ കേന്ദ്ര സര്‍വകലാശാലയില്‍ എത്തുന്നതോടെ ഹിന്ദുത്വശക്തികള്‍ ആക്രമിക്കുന്നു. അവരുടെ ഉന്നമനം തടയുകയാണ് ലക്ഷ്യം. രോഹിത് വെമുലയുടെ മരണത്തില്‍ അതാണ് കണ്ടത്.

നാലുതരം നയങ്ങളാണ് മോഡിസര്‍ക്കാര്‍  അടിച്ചേല്‍പ്പിക്കുന്നത്. നവലിബറല്‍ സാമ്പത്തിക അജന്‍ഡയും വര്‍ഗീയ ധ്രുവീകരണവുമാണ് അതില്‍ പ്രധാനം. പാര്‍ലമെന്ററി ജനാധിപത്യം, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകള്‍, ജുഡീഷ്യറി എന്നിവയ്ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, അമേരിക്കന്‍ അനുകൂലമായ നിലപാടുകള്‍ എന്നിവയാണ് മറ്റുള്ളവ. പ്രതിരോധം, റെയില്‍വേ, എയര്‍ ഇന്ത്യ തുടങ്ങി എല്ലാ മേഖലയും സ്വകാര്യവല്‍ക്കരിക്കുകയാണ്. ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥയും ജിഎസ്ടിയുമൊക്കെ കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്. ജിഎസ്ടി വന്നതോടെ  നികുതിയിളവുപോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാനാകില്ല. ശക്തമായകേന്ദ്രവും ദുര്‍ബലമായ സംസ്ഥാനങ്ങളുമെന്നതാണ് ആര്‍എസ്എസ് അജന്‍ഡ.

 ഇന്ത്യയിലെ ആകെ സ്വത്തിന്റെ 60 ശതമാനം ഒരുശതമാനം വരുന്നവരുടെ കൈയിലാണ്. മോഡി അധികാരത്തില്‍ വരുംമുമ്പ് ഇത് 48 ശതമാനമായിരുന്നു. മുമ്പ് 80 ശതമാനം പേരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 14 ശതമാനമായിരുന്നു. ഇന്നത് ഏഴു ശതമാനമായി. 
സുപ്രീംകോടതി ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി ജനാധിപത്യത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണം.  ഉദാരവല്‍ക്കരണത്തെ  മുറുകെപ്പിടിക്കുന്ന കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കി ബിജെപിയെ എതിര്‍ത്താല്‍ അത് തൊഴിലാളിവര്‍ഗ പോരാട്ടത്തെ ദുര്‍ബലമാക്കും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു മിഷനുകള്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍നിന്ന് 1200 രൂപയാക്കി. 78 അബ്രാഹ്മണ പൂജാരികളെ നിയമിച്ചത് ചരിത്രസംഭവമായി.

യുഡിഎഫില്‍നിന്ന് ഓരോ പാര്‍ടികള്‍ പുറത്തുവരികയാണ്. ആദ്യം മാണി വിട്ടു. ഇപ്പോള്‍ വീരേന്ദ്രകുമാറും. ബിജെപിയെയും യുഡിഎഫിനെയും ഒറ്റപ്പെടുത്താന്‍ എല്‍ഡിഎഫിന്റെ ബഹുജനാടിത്തറ വിപുലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണിശങ്കര്‍ അയ്യര്‍ പുറത്ത്;
ബല്‍റാമിന് പട്ടുംവളയും

ആലപ്പുഴ > നരേന്ദ്രമോഡിയെ 'നീച് ആത്മി'യെന്നു വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ എ കെ ജിക്കെതിരെ മോശമായി സംസാരിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്ക് പട്ടുംവളയും നല്‍കുകയാണെന്ന് കോടിയേരി പറഞ്ഞു. മോഡിക്കെതിരെയാണ് ബല്‍റാം ഇങ്ങനെ പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ പുറത്താക്കില്ലായിരുന്നോയെന്ന് കോടിയേരി ചോദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top