14 August Tuesday
കരുത്തുപകര്‍ന്ന് കായികവകുപ്പ്

ജി വി രാജയും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും ഇനി കുതിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

തിരുവനന്തപുരം>   ട്രാക്കിലും ഫീല്‍ഡിലും വിജയക്കുതിപ്പ് നടത്താന്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂളിനും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും ഊര്‍ജവുമായി സംസ്ഥാന സര്‍ക്കാര്‍. ഇരുസ്ഥാപനങ്ങളുടെയും ഇല്ലായ്മകള്‍ പഴങ്കഥയാക്കി  താരങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഒരുക്കിയാണ് കായികകുതിപ്പിന് കരുത്തുപകരുന്നത്.

2017-18 സാമ്പത്തികവര്‍ഷം ജിവി രാജ സ്പോര്‍ട്സ് സ്കൂളിനും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷിനുമായി 19.64 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അസൌകര്യങ്ങളില്‍ കിതക്കുകയായിരുന്നു ജിവി രാജയും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇരുസ്ഥാപനങ്ങളുടെയും നിലവിലെ സ്ഥിതി വിലയിരുത്തി വികസന പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി ജി വി രാജ സ്കൂളിനെയും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനെയും കായികവകുപ്പ് ഏറ്റെടുത്തു.

മികച്ച വിദ്യാഭ്യാസം, ഉയര്‍ന്ന നിലവാരമുള്ള കായിക പരിശീലനം, മെച്ചപ്പെട്ട താമസ സൌകര്യം, ഗുണനിലവാരവും പോഷകസമ്പന്നവുമായ ഭക്ഷണം എന്നിവ കുട്ടികള്‍ക്ക് ഉറപ്പാക്കുന്ന വികസന പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒരോ പദ്ധതിയും കായികമന്ത്രി എ സി  മൊയ്തീന്റെ നേതൃത്വത്തില്‍ പ്രത്യേകം അവലോകനം ചെയ്യുന്നു. ജിവി രാജയിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി മള്‍ടിപര്‍പ്പസ് ജിംനേഷ്യം ഉള്‍പ്പെടെ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കായികവകുപ്പ്. ഇതിന് പുറമേ പുത്തന്‍ കായികോപകരണങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.

വിദ്യാര്‍ഥികളുടെ മികവ് ഉയര്‍ത്തുന്നതിനുള്ള ഇത്തരം ഉദ്യമങ്ങള്‍ക്കൊപ്പം അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്തി. ജിവി രാജയില്‍ രണ്ട് ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ഹോക്കികോര്‍ട്ടുകള്‍ എന്നിവയുടെ നവീകരണം, പുതിയ കായികോപകരണങ്ങള്‍, ഇന്‍ട്രാക്ടീവ് ക്ളാസ്റൂം ക്രിക്കറ്റ് പരിശീലന പിച്ചിന്റെ അറ്റകുറ്റപണി, ഫുട്ബോള്‍ കോര്‍ട്ടിന് ചുറ്റും മഡ്ട്രാക് നിര്‍മാണം, പുതിയ ബഞ്ചുകളും ഡസ്കുകളും തുടങ്ങിയ വൈവിധ്യമാര്‍ന്ന വികസന പ്രവൃത്തികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്ക് പുതിയ കായികോപകരണങ്ങള്‍, ഹോസ്റ്റലിലെ നവീകരണവും അറ്റകുറ്റപണി, പുതിയ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. പരിശീലകരെ നിയമിക്കാന്‍ ഭരണാനുമതിയും നല്‍കി. ജി വി രാജയിലേയും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെയും അടുക്കള നവീകരിക്കാനും തീരുമാനിച്ചു.

ജി വി രാജ, കണ്ണൂര്‍ സ്പോര്‍ട്സ്
ഡിവിഷന്‍: തെരഞ്ഞെടുപ്പ് 15 മുതല്‍

തിരുവനന്തപുരം> കായികവകുപ്പിനു കീഴിലെ തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് അടുത്ത അധ്യയനവര്‍ഷം ഏഴ്, എട്ട്, പ്ളസ്വണ്‍ ക്ളാസിലേക്കും ഒമ്പത്, പത്ത് ക്ളാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹോക്കി, തൈക്കോണ്ടോ, ക്രിക്കറ്റ്, ഗുസ്തി എന്നീ ഇനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. വിദ്യാര്‍ഥികള്‍ രാവിലെ ഏഴിന് മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യത സര്‍ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോട്ടോ സഹിതം സ്പോര്‍ട്സ് കിറ്റുമായി ഹാജരാകണം തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി, ജില്ല, സ്ഥലം ക്രമത്തില്‍.

15-കണ്ണൂര്‍-പൊലീസ് പരേഡ് ഗ്രൌണ്ട്, 16-കോഴിക്കോട്-ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഈസ്റ്റ്ഹില്‍, 17-തൃശൂര്‍-വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തൃശൂര്‍, 19-കോട്ടയം-സിഎംഎസ് കോളേജ് കോട്ടയം, 20-തിരുവനന്തപുരം-ഗവ. ജി വി രാജ സ്പോര്‍ട്സ് സ്കൂള്‍ മൈലം. ഫോണ്‍ഃ 0471-2326644, 0472 2889100, 0497-2700485.

പ്രധാന വാർത്തകൾ
Top