19 September Wednesday

ജിസിഡിഎ ചെയർമാനായി വി സലീം സ്ഥാനമേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കൊച്ചി
വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ചെയർമാനായി വി സലീം സ്ഥാനമേറ്റു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായിരിക്കും പ്രഥമപരിഗണനയെന്ന‌്  സ്ഥാനമേറ്റെടുത്തശേഷം വി സലീം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പുതിയ കേരളം കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്. പ്രളയത്തിൽ തകർന്ന കേരളത്തെ തിരിച്ചുപിടിക്കാൻ എല്ലാവരെയും അണിനിരത്തി ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സർക്കാരിന്റെ നിർദേശമനുസരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് ജിസിഡിഎ നേതൃത്വപരമായ പങ്കുവഹിക്കും.  മുൻ ചെയർമാൻ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ തുടരും.  പുതിയപദ്ധതികൾ കൂടുതൽ പഠനംനടത്തി നടപ്പാക്കും. പാർടി അർപ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിച്ച‌് ഔദ്യോഗികചുമതലകൾ നിർവഹിക്കുമെന്ന‌ും സലീം പറഞ്ഞു. 

ബുധനാഴ‌്ച രാവിലെ 10ന‌് കടവന്ത്രയിൽ ജിസിഡിഎ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ജിസിഡിഎ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസർ എ ഐ മുബീനടക്കം ജീവനക്കാർ  സ്വീകരിച്ചു. തുടർന്ന‌് ചെയർമാന്റെ മുറിയിലെത്തി രജിസ‌്റ്ററിൽ ഒപ്പിട്ട‌് ഔദ്യോഗികമായി ചുമതലയേറ്റു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ‌്, ജിസിഡിഎ മുൻ ചെയർമാൻ സി എൻ മോഹനൻ, മുതിർന്ന സിപിഐ എം നേതാവ‌് കെ  എം സുധാകരൻ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ കെ ജെ ജേക്കബ‌്, എൻ സി മോഹനൻ, ടി കെ മോഹനൻ, കെ എൻ ഉണ്ണിക്കൃഷ‌്ണൻ, ജോൺ ഫെർണാണ്ടസ‌് എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം സി എൻ സുന്ദരൻ, എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, വൈറ്റില ഏരിയ  സെക്രട്ടറി  കെ ഡി വിൻസെന്റ‌്, ഡോ. സെബാസ‌്റ്റ്യൻ പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വി സലീമിന്റെ ഭാര്യ അസ‌്മ ബീവി, മകൾ നിദ ഫാത്തിമ,  മാതാവ‌് ഹസീന, പിതാവ‌് അബൂബക്കർ, സഹോദരൻമാരായ അമീറുദ്ദീൻ, ഷഹാബുദ്ദീൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top