16 November Friday

95 എയ‌്ഡഡ‌് കോളേജുകൾക്ക‌് റൂസ ഫണ്ട‌് : പകുതി ചെലവും സംസ്ഥാനം വഹിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


സ്വന്തം ലേഖകൻ
മഹാപ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും വികസനപ്രവർത്തനങ്ങൾക്ക‌് മുടക്കം വരുത്താതെ സർക്കാർ. കേരളത്തിലെ  90 എയ‌്ഡഡ‌് കോളേജുകൾക്ക‌് രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) അനുവദിച്ച പദ്ധതികളുടെ സംസ്ഥാന വിഹിതത്തിൽ 50 ശതമാനവും സംസ്ഥാന സർക്കാർ വഹിക്കാൻ ധനവകുപ്പ‌് അനുമതി നൽകി. കൂടാതെ അഞ്ച‌് സ്വയംഭരണ കോളേജുകൾക്കുള്ള അഞ്ച‌് കോടിയുടെ പദ്ധതിയിൽ സംസ്ഥാന  വിഹിതത്തിന്റെ 40 ശതമാനവും സർക്കാർ വഹിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ സമർപ്പിച്ച പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കുന്നതിന‌് പദ്ധതിയിലെ കോളേജുകൾക്കായി പ്രത്യേക അക്കൗണ്ട‌് തുടങ്ങാനും ധനവകുപ്പ‌് നിർദേശിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്ന‌് കേന്ദ്ര സർക്കാർ പിൻവാങ്ങുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിൽ രൂപീകരിക്കുന്ന പദ്ധതികളുടെ 40 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നായിരുന്നു നിബന്ധന. റൂസ രണ്ടാംഘട്ടത്തിൽ സമർപ്പിച്ച പദ്ധതികളിൽ 90 എയ‌്ഡഡ‌് കോളേജുകൾക്ക‌് രണ്ടുകോടി രൂപവീതവും  അഞ്ച‌് സ്വയംഭരണ കോളേജുകൾക്കും അഞ്ചു കോടി രൂപ വീതവുമാണ‌് അനുവദിച്ചത‌്.

കോളേജുകൾക്കുള്ള രണ്ടു കോടിയുടെ പദ്ധതിയിൽ 1.20 കോടി മാത്രമാണ‌് റൂസ അനുവദിച്ചത‌്. ഓരോ കോളേജിനും 80 ലക്ഷം വീതം സംസ്ഥാനം കണ്ടെത്തണമായിരുന്നു. സംസ്ഥാന വിഹിതത്തിൽ ഓരോ കോളേജിനും 40 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിക്കും. ബാക്കി 40 ലക്ഷം അതത‌് മാനേജുമെന്റുകൾ വഹിക്കണം. മാനേജുമെന്റുകളുടെ വിഹിതം  ധനവകുപ്പ‌് നിർദേശിച്ച പ്രത്യേക അക്കൗണ്ടിലേക്ക‌് നിക്ഷേപിക്കുമ്പോൾ സംസ്ഥാന വിഹിതം സർക്കാരും നിക്ഷേപിക്കും. ഇതിനൊപ്പം റൂസ അനുവദിച്ച തുകയും ലഭിക്കുന്നതോടെ പദ്ധതിയിലെ ഒാരോ കോളേജുകൾക്കും രണ്ടുകോടി രൂപ വീതം ഉടൻ ലഭിക്കും. തുക ലഭ്യമാകുന്ന കോളേജുകളുടെ ലിസ‌്റ്റ‌് റൂസ സ‌്റ്റേറ്റ‌് പ്രോജക്ട‌് ഡയറക്ടറേറ്റ‌് പ്രസിദ്ധീകരിച്ചിട്ടുണ്ട‌്.
അഞ്ച‌് സ്വയംഭരണ കോളേജുകൾക്ക‌് റൂസ അനുവദിച്ച അഞ്ചു കോടിയുടെ പദ്ധതിയിൽ മൂന്നു കോടി വീതമാണ‌് കേന്ദ്രത്തിൽനിന്ന‌് ലഭിക്കുക.

ബാക്കി രണ്ടു കോടി വീതം സംസ്ഥാനം വഹിക്കണം. ഈ വിഹിതത്തിൽ 80 ലക്ഷം വീതം സംസ്ഥാന സർക്കാർ നൽകും. 1.20 കോടി രൂപ അത‌ത‌് മാനേജുമെന്റുകളും വഹിക്കണം. സെന്റ‌് ജോസഫ‌്സ‌് ദേവഗിരി കോഴിക്കോട‌്,  രാജഗിരി കോളേജ‌് കളമശേരി എറണാകുളം,  മരിയൻ കോളേജ‌് കുട്ടിക്കാനം ഇടുക്കി,  എംഎ കോളേജ‌് കോതമംഗലം,  ഫറൂഖ‌് കോളേജ‌് കോഴിക്കോട‌് എന്നിവയ്ക്കാണ‌് സ്വയംഭരണമേഖലയിലെ കോളേജുകൾക്കുള്ള അഞ്ചുകോടി വീതം അനുവദിച്ചത‌്. ഈ കോളേജുകളെല്ലാം മാനേജ‌്മെന്റ‌് വിഹിതം നിക്ഷേപിക്കുന്നതോടെ സർക്കാർ വിഹിതവും റൂസ വിഹിതവും ലഭ്യമാകും. 

റൂസ പദ്ധതിയിൽ അനുവദിച്ച മുഴുവൻ പദ്ധതികളുടെയും സംസ്ഥാന വിഹിതം അനുവദിക്കാൻ ധനവകുപ്പ‌് അംഗീകാരമായ പശ‌്ചാത്തലത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി മന്ത്രി കെ ടി ജലീൽ കോളേജ‌് മാനേജുമെന്റ‌് പ്രതിനിധികളുടെ യോഗം വിളിക്കും.
17ന‌് ഡൽഹിയിൽ എംഎച്ച‌്ആർഡിയുടെ കീഴിൽ ചേരുന്ന പ്രോജക്ട‌് അപ്രൂവൽ യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ‌ിനെ പ്രതിനിധാനം ചെയ‌്ത‌് കൊളീജിയറ്റ‌് എജ്യൂക്കേഷൻ ഡയറക്ടർ ഹരിത വി കുമാർ, റൂസ സ‌്റ്റേറ്റ‌് നോഡൽ ഓഫീസർ ഡോ. യു സി ബിവീഷ‌് എന്നിവർ പങ്കെടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top