18 June Monday

നാദിര്‍ഷ 15ന് പൊലീസില്‍ ഹാജരാകണം : അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

 

കൊച്ചി  > നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ പൊലീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും തിങ്കളാഴ്ചവരെ അറസ്റ്റ്പാടില്ലെന്നും ജസ്റ്റിസ് പി ഉബൈദ്  നിര്‍ദേശിച്ചു. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കേസ് 18ന് പരിഗണിക്കാന്‍ മാറ്റി. 

പൊലീസ് തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിനെതിരെ മൊഴിനല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും ആരോപിച്ച് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അക്കാര്യത്തിന് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നാദിര്‍ഷയെ തല്‍ക്കാലം പ്രതിയാക്കിയിട്ടില്ലെന്നും ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴിയില്‍ വ്യക്തത തേടാനാണ് വീണ്ടും ചോദ്യംചെയ്യാന്‍ വിളിച്ചതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍നായര്‍ ബോധിപ്പിച്ചു.

നാദിര്‍ഷക്കെതിരായ കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ കേസ് വാദത്തിനിടെ കോടതി ആവശ്യപ്പെട്ടു. അന്വേഷണം അനന്തമായി നീളുകയാണോയെന്നും ഓരോ മാസവും ഓരോരുത്തരെവീതം ചോദ്യംചെയ്യുകയാണോ. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ എന്തിന് വീണ്ടും ചോദ്യംചെയ്യുന്നു. അന്വേഷണമാണോ തുടരന്വേഷണമാണോ നടക്കുന്നത്. തിരക്കഥ രചിച്ച് പിന്നാലെ പോകുകയാണോയെന്നും കോടതി ചോദിച്ചു. വാര്‍ത്തയ്ക്കായുള്ള കേസന്വേഷണമല്ല വേണ്ടത്.
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കുകയോ ഋഷിരാജ്് സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയോ വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജി. ഇടപ്പള്ളി സ്വദേശി റോയ് മാമ്മനാണ് കോടതിയെ സമീപിച്ചത്. കേസില്‍ അഡ്വ. ആളൂരിന്റെ ഇടപെടല്‍ സംശയകരമാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ദൃശ്യമാധ്യമങ്ങള്‍ക്ക് കോടതി മുന്നറിയിപ്പ്
കൊച്ചി > കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ മാധ്യമചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത് നീതിന്യായനിര്‍വഹണത്തിലുള്ള ഇടപെടലാണെന്ന് ജസ്റ്റിസ് പി ഉബൈദ് ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാമര്‍ശം. കോടതി കേസ് പരിഗണിച്ചാല്‍ ദൃശ്യമാധ്യമങ്ങളില്‍ ഉടന്‍ ചര്‍ച്ച നടത്തുന്നു. വ്യാഖ്യാനങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ത്തുന്നു. ചില അഭിഭാഷകരും പങ്കാളികളാകുന്നു. ചാനല്‍ചര്‍ച്ചകള്‍ നീതിനിര്‍വഹണത്തിലെ ഇടപെടലായി കാണേണ്ടിവരും. അങ്ങനെ ഇടപെട്ടാല്‍ സ്വമേധയാ കോടതിയലക്ഷ്യകേസെടുക്കും. ചാനലുകളുടെ നടപടികള്‍ നിരീക്ഷിച്ചുവരികയാണെന്നും കോടതി പറഞ്ഞു.

രാമലീല 28ന് തിയറ്ററുകളില്‍
കൊച്ചി > ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല 28ന് തീയറ്ററുകളില്‍ എത്തും. സംവിധായകന്‍ അരുണ്‍ ഗോപി തന്നെയാണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്.

ജൂലൈ ഏഴിന് തീരുമാനിച്ചിരുന്ന റിലീസ് ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് വൈകിയത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രമാണ് രാമലീല. തമിഴ് നടി രാധിക ശരത് കുമാര്‍, വിജയരാഘവന്‍, മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. സച്ചിയുടേതാണ് തിരക്കഥ.

പ്രധാന വാർത്തകൾ
Top