21 June Thursday

ടോം ഉഴുന്നാലിലിന്റെ മോചനം : വിജയം കണ്ടത് ഒമാന്‍ നയതന്ത്ര ഇടപെടല്‍

അനസ് യാസിന്‍Updated: Wednesday Sep 13, 2017


മനാമ > ഭീകരരുടെ തടവറയില്‍നിന്ന് മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമാക്കിയത് ഒമാന്റെ നയതന്ത്ര ഇടപെടല്‍. ആഭ്യന്തരയുദ്ധം താറുമാറാക്കിയ യമനില്‍ ഉഴുന്നാലിലിനെ കണ്ടെത്തി ഒമാനില്‍ എത്തിക്കുകയെന്ന ശ്രമകരമായ ദൌത്യമാണ്  വിദേശമന്ത്രാലയം ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തീകരിച്ചത്.
2016 മാര്‍ച്ച് നാലിനാണ് ഭീകരര്‍ ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. മദര്‍ തെരേസ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി' സന്യാസി സമൂഹത്തിനു കീഴില്‍ തെക്കന്‍ തുറമുഖ നഗരമായ ഏദനിലെ ഷെയ്ഖ് ഉസ്മാന്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനം ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

ഉഴുന്നാലിലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും മുന്‍ സര്‍ക്കാരും കേരളത്തില്‍നിന്നുള്ള എംപിമാരും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. യമനില്‍ ഹുതി മിലീഷ്യകളും സര്‍ക്കാര്‍ അനുകൂല സേനയും തമ്മില്‍ ആഭ്യന്തരയുദ്ധം നടക്കുന്നതിനാലും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ഇല്ലാത്തതും മോചനപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു.

2016 ജൂലൈയിലും ഡിസംബറിലും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫാ. ടോമിന്റെ ചില വീഡിയോകളും പുറത്തുവന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ മൂന്നുപേരെ യമന്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മോചനം സാധ്യമായില്ല. വിഷയത്തില്‍ വത്തിക്കാന്‍ ഒമാന്റെ സഹായം തേടിയതോടെയാണ് മോചനനാധ്യതകള്‍ സജീവമായത്. യമനില്‍ കുടുങ്ങിയ അമേരിക്കന്‍, ഓസ്ട്രേലിയന്‍ പൌരന്മാരെ ഒമാന്‍ ഇടപെട്ട് സുരക്ഷിതമായി പുറത്ത് എത്തിച്ചതായിരുന്നു വത്തിക്കാന്‍ സഹായം അഭ്യര്‍ഥിക്കാനുള്ള കാരണം. തുടര്‍ന്ന് മോചനത്തിന് നടപടികള്‍ ആരംഭിക്കാന്‍ ഏതാനും മാസംമുമ്പ് ഒമാന്‍ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിക്കുകയും വിദേശമന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും മോചന ശ്രമം ഈ സമയം സജീവമാക്കി.

യമനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഒമാന്‍ ആഭ്യന്തര യുദ്ധത്തില്‍ പരിക്കേറ്റവരെ ഒമാനില്‍ കൊണ്ടുവന്ന് സൌജന്യ ചികിത്സ നല്‍കിയിരുന്നു. ഇത്തരം അനുകൂല ഘടകങ്ങള്‍ ഉപയോഗിച്ച് വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് മോചനശ്രമങ്ങള്‍ നടത്തിയത്. ഫാദറിനെ തീവ്രവാദികളുടെ കേന്ദ്രത്തില്‍ കണ്ടെത്തിയാല്‍ ഉടന്‍ സുരക്ഷിതമായി മസ്കത്തിലെത്തിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ചൊവ്വാഴ്ച പകല്‍ ഏദനില്‍നിന്ന് ഒമാന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്കത്തില്‍ എത്തിച്ചത്.

മസ്കത്തിലെത്തിയ ഫാ. ടോം, സുല്‍ത്താന്‍ ഖാബൂസിനും രാജ്യത്തിനും നന്ദിയറിയക്കുന്നതായും സുല്‍ത്താന് ആയുരാരോഗ്യം നേരുന്നതായും അറിയിച്ചു. വത്തിക്കാനും മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 

മോചനം വൈകിച്ചത് കേന്ദ്രത്തിന്റെ നിസ്സംഗത
ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയാണ് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഇത്രയും വൈകാന്‍ കാരണം. മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചിട്ടില്ല. യമന്‍, സിറിയ, ലിബിയ മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ ഇന്ത്യക്കാരെ ഭീകര സംഘങ്ങളും കൊള്ളസംഘങ്ങളും ബന്ദികളാക്കിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവരില്‍ ഭൂരിപക്ഷത്തിന്റെയും മോചനം ഉറപ്പാക്കാനായി.

ഫാ. ടോമിന്റെ മോചനവിഷയത്തില്‍ കേരള സര്‍ക്കാരും സംസ്ഥാനത്തുനിന്നുള്ള എംപിമാരും കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തിവന്നത്. കത്തോലിക്ക സഭയും മോചനത്തിനായി രംഗത്തുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തണുപ്പന്‍ മട്ടിലാണ് നടപടികള്‍ നീക്കിയത്. പ്രശ്നമേഖലയില്‍ ഫാ. ടോം തുടര്‍ന്നതാണ് കുഴപ്പമായതെന്നുപോലും പ്രതികരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തയ്യാറായി. താന്‍ യൂറോപ്പില്‍നിന്നുള്ള വ്യക്തിയായിരുന്നെങ്കില്‍  മോചനം വേഗത്തില്‍ നടന്നേനെ എന്നുപോലും ഒരുഘട്ടത്തില്‍ ഫാ. ടോമിനു പറയേണ്ടിവന്നു.
 

 

പ്രധാന വാർത്തകൾ
Top