23 September Sunday

ക്യാമ്പുകൾ ഒഴിയുന്നു; ശുചീകരണത്തിന‌് നാടിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

സിപിഐ എം സന്നദ്ധസേനാ അംഗങ്ങൾ ഏലൂരിൽ ശുചീകരണത്തിൽ


കൊച്ചി
പെരിയാറിലെ ജലനിരപ്പ് താഴ‌്ന്നുതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പകുതിയിലധികം ക്യാമ്പുകളും അവസാനിപ്പിച്ചു.  6054 പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്.  ഇവരിൽ ഭൂരിഭാഗവും ഏലൂർ, പറവൂർ മേഖലകളിൽ നിന്നുള്ളവരാണ്. മഴമാറിയാൽ രണ്ടു ദിവസത്തിനുള്ളിൽ  ബാക്കിയുള്ള ക്യാമ്പുകളിലുള്ളവരും വീടുകളിലേക്ക് മടങ്ങും. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽനിന്ന് ചളി നീക്കാനും തുടങ്ങി. പകർച്ചവ്യാധികൾ പരക്കാൻ ഇടം നൽകാതെയുള്ള ശുചീകരണ പ്രവർത്തനമാണ് നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്നത‌്. അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചു.

ഇതിനിടെ ഞായറാഴ‌്ച പകൽ 2.30 ഓടെ ഇടമലയാർഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നെങ്കിലും പെരിയാറിൽ കാര്യമായ പ്രതിഫലനമുണ്ടായില്ല. വൈകിട്ട് നാലരയോടെ നാലാമത്തെ ഷട്ടറും തുറന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ ഭരണനേതൃത്വം അറിയിച്ചു. ആലുവയിൽ ശിവക്ഷേത്രത്തിന് സമീപം ഞായറാഴ്ച ഒരടിയോളം വെള്ളം മാത്രമാണുണ്ടായത്. ഇതോടെ വാവുബലി ചടങ്ങുകൾക്കായി ആളുകളെത്തി. ശക്തമായ മഴ പെയ്തില്ലെങ്കിൽ തിങ്കളാഴ്ചയോടെ ജലനിരപ്പ് വീണ്ടും കുറയും. പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് ജില്ലാ മെഡിക്കൽ വിഭാഗം പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി പരിശോധനകൾ നടത്തും. പെരിയാർ മേഖലകളിൽ ക്യാമ്പ് ചെയ്യുന്ന സൈനികരും ഫയർഫോഴ്‌സും തുടരും.

മാഞ്ഞാലി മേലേതുരുത്ത്, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, വട്ടത്തറ, തുറവുങ്കര, പെരുമ്പാവൂരിലെ താഴ‌്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇനിയും ജനജീവിതം സാധാരണ നിലയിലെത്തിയിട്ടില്ല. പ്രളയത്തിനൊപ്പം ഈ മേഖലയിൽ ശക്തമായ കാറ്റടിച്ചതും നാശനഷ്ടത്തിന്റെ വ്യാപ്തികൂട്ടി. വേലൻ തുരുത്തിൽ വ്യാപകമായി വാഴത്തോട്ടങ്ങൾ നശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top