26 September Wednesday

മരണം 38; ക്യാമ്പിൽ 1,01,213 പേർ ;ക്യാമ്പുകളിൽ പ്രത്യേക കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

എളന്തിക്കര ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ

തിരുവനന്തപുരം 
മഴക്കെടുതിയിലകപ്പെട്ട ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ നടക്കുന്നത‌് സമാനതകളില്ലാത്ത സമാശ്വാസ പ്രവർത്തനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രത്യേക നിർദേശപ്രകാരം മുതിർന്നവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശ്രദ്ധയും കരുതലും നൽകുന്നുണ്ട്. ക്യാമ്പുകളിൽ കുടിവെള്ളവും ആരോഗ്യസേവനവും കൃത്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് പൂർണമായി തകർന്നത് 243 വീടാണ്. ഭാഗികമായി തകർന്നത‌് 4392.

  ഞായറാഴ‌്ച വയനാട‌് ബത്തേരി മൂന്നാംമൈൽ ലക്ഷം വീട‌് കോളനിയിലെ മോഹനൻ പിള്ളയുടെ ഭാര്യ രാജമ്മ (58) സമീപത്തെ വീടിന്റെ ചുമർ ഇടിഞ്ഞുവീണു മരിച്ചു. ഇതോടെ  മഴക്കെടുതിയിൽ  മരണം 38 ആയി. 32 പേരെ കാണാതായി. സംസ്ഥാനത്താകെ 1023 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,01,213 പേർ കഴിയുന്നുണ്ട‌്. 

എല്ലാ ദുരിതബാധിത പ്രദേശങ്ങളിലും കേന്ദ്ര﹣ സംസ്ഥാന സേനകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ ജനകീയ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ‌് മുന്നേറുന്നത‌്. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ദുരിതബാധിതർക്ക‌് ലഭ്യമാക്കാൻ നാടാകെ ഒറ്റക്കെട്ടായുണ്ട‌്.

ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്ന‌് തകർന്ന റോഡുകൾ   സൈനികരുടെ സഹായത്തോടെ നന്നാക്കുകയാണ‌്. മലഞ്ചെരുവുകളിൽ താൽക്കാലിക പാലങ്ങളുടെ നിർമാണത്തിനും മണ്ണും ചെളിയും നീക്കംചെയ്യാനും സൈനികരും ദുരന്തനിവാരണ സേനാംഗങ്ങളും ഇറങ്ങി.

സംസ്ഥാനത്ത‌് ചൊവ്വാഴ‌്ചവരെ വ്യാപകമായി മഴ പെയ്യുമെന്ന‌് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പെരിയാറിൽ ജലനിരപ്പ‌് താഴ‌്ന്നതോടെ ആളുകൾ ക്യാമ്പിൽ നിന്ന‌് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇടുക്കി അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തും ജലനിരപ്പ് താഴ്‌ന്ന‌് തുടങ്ങി. ഇപ്പോൾ 2398 അടിയാണ‌്. ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളും  ഞായറാഴ്‌ചയും തുറന്നുതന്നെയാണുള്ളത‌്. മഴയുടെയും നീരൊഴുക്കിന്റെയും സാഹചര്യം പരിശോധിച്ച ശേഷമെ അടയ്‌ക്കൂ.

ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറന്നതിനു പിന്നാലെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും പലയിടത്തും വെള്ളം കയറി. ഗതാഗതം പുനരാരംഭിച്ചെങ്കിലും എസി റോഡിലെ ജലനിരപ്പ‌് താഴാൻ ഇനിയും ദിവസങ്ങളെടുക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top