14 November Wednesday

മജീദ‌് അസംബന്ധം വിളമ്പുന്നു ; ഗുരുവായൂരിൽ തീവ്രവാദക്കാരെ താലോലിച്ചത‌് ലീഗ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


1994 മെയിൽ നടന്ന ഗുരുവായൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും  തീവ്രവാദശക്തികളെ സിപിഐ എം 'അളവറ്റ് താലോലിച്ചു'വെന്ന മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിന്റെ കണ്ടുപിടിത്തം അസംബന്ധം. സിപിഐ എമ്മിനെ കുറ്റപ്പെടുത്താനായി മജീദ‌് എഴുതിയ ലേഖനത്തിൽ ചരിത്രവസ‌്തുതകൾ പോലും മറച്ചുവച്ചു.

1994ൽ താൻ വജിയിച്ച തെരഞ്ഞെടുപ്പ‌് സമയത്ത‌് ഗുരുവായൂരിൽ എൻഡിഎഫോ എസ്ഡിപിഐയോ, പോപ്പുലർ ഫ്രണ്ടോ ഉണ്ടായിരുന്നില്ലെന്ന് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. മദനിയുടെ പിഡിപി സ്വന്തമായി സ്ഥാനാർഥിയെ നിർത്തുകയും 14,000 വോട്ട് നേടുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുസ്ലീംലിഗിന്റെ അബ്ദു സമദ് സമദാനിയാണ് പരാജയപ്പെട്ടത്.

1996ലും താൻ വിജയിച്ചു. മുസ്ലീംലീഗിലെ ആർ പി മൊയ്തുട്ടിയെയാണ് പരാജയപ്പെടുത്തിയത്. 2001ൽ ലീഗ് സ്ഥാനാർഥിയായിരുന്ന പി കെ കെ ബാവ ജയിച്ചത് യുഡിഎഫ് പിഡിപിയും ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. തീവ്രവാദ ബന്ധമുണ്ടാക്കിയത് ലീഗും യുഡിഎഫുമാണെന്നത്‌  മറച്ചുവച്ചാണ് കെ പിഎ മജിദ് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നതെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. കെ പി എ മജീദിന്റെ വാദഗതികൾ സ്വന്തം ദൗർബല്യം മറച്ചുവയ‌്ക്കാനും കമ്യൂണിസ്റ്റ് വിരോധവും മൂലമാണെന്ന് മൂന്നു  തെരഞ്ഞെടുപ്പുകളിലും ഗുരുവായൂരിൽ വിജയിച്ച  കെ വി അബ്ദുൾഖാദർ എംഎൽഎ പറഞ്ഞു. 2006, 2011, 2016ലെ തെരഞ്ഞെടുപ്പുകളിലാണ് അബ്ദുൾഖാദർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. 2016ൽ സിപിഐ എം സ്ഥാനാർഥിക്കെതിരെ ഗുരുവായൂരിൽ യുഡിഎഫിനു പുറമെ എസ്ഡിപിഐ, വെൽഫയർ പാർടി, പിഡിപി, ബിജെപി സ്ഥാനാർഥികളും മത്സരിച്ചു. ബാബറി മസ്ജിദ് തകർത്തപ്പോൾ കേന്ദ്രസർക്കാരോ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവോ എതിർത്തില്ല.

അതിന്റെ രോഷം തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലീം ജനിവിഭാഗങ്ങളിൽ അലയടിച്ചിരുന്നതായി അബ്ദുൾഖാദർ ചൂണ്ടിക്കാട്ടി.  ഇടതുപക്ഷ വിജയം മതനിരപേക്ഷ ശക്തികളുടേതാണ്്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വർഗീയവാദികളുമായി കൂട്ടുചേർന്നിട്ടുണ്ട്. ചാവക്കാട് നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യസീറ്റ് കിട്ടിയപ്പോൾ ഏക ബിജെപി കൗൺസിലറുടെ പിന്തുണയോടെയാണ് ലീഗ് ഉൾപ്പെട്ട യുഡിഎഫ് ഭരണത്തിൽ വന്നത്. രാഷ്ട്രീയചരിത്രം പഠിക്കാതെ കെ പി എ മജീദ് നടത്തുന്ന ജൽപ്പനങ്ങൾ ആരും വിശ്വസിക്കില്ലെന്നും കെ വി അബ്ദുൾഖാദർ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top