13 November Tuesday

ബുധനൂരിന്റെ മുത്തശ്ശിക്ക് 107ന്റെ യൗവനം

കെ സുരേഷ്‌കുമാര്‍Updated: Friday Jul 13, 2018



മാന്നാർ
ആയിരം പൂർണ ചന്ദ്രനെ കണ്ട പി നാണിയമ്മയാണ് 107ന്റെ നിറവിൽ ഇന്നും ജീവിക്കുന്നത്. ബുധനൂർ പഞ്ചയാത്ത് പെരിങ്ങിലിപ്പുറം 8‐ാം വാർഡിൽ ഉളുന്തിയിൽ ശങ്കരവിലാസത്തിൽ പരേതനായ പി വാസുദേവൻപിള്ളയുടെ ഭാര്യയാണ്. 1911 ജൂലൈ 10ന് മിഥുനമാസത്തിൽ കായംകുളം പുല്ലുകുളങ്ങര ഏലയ‌്ക്കൽ വീട്ടിൽ ജനിച്ച പി നാണിയമ്മ മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സന്തോഷത്തോടെ കഴിയുന്നു. പഴയ അഞ്ചാം ക്ലാസുകാരിയായ നാണിയമ്മയ‌്ക്ക‌് പകൽ ഉറക്കവും രാത്രിയിൽ നാമജപവുമാണ്. കാഴ‌്ചക്കുറവും, മുട്ടുവേദനയും മുത്തശ്ശിയെ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും ജീവിതശൈലീരോഗങ്ങൾ ഒന്നും നാണിയമ്മയെ പിടികൂടിയിട്ടില്ല.  ഇതോടോപ്പം ചെങ്ങന്നൂർ കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർമാർ വീട്ടിലെത്തി മുത്തശ്ശിയെ പരിചരിച്ച് ആവശ്യമായ മരുന്നും ഗുളികകളും നൽകുന്നുണ്ട്. 

കട്ടിലിന‌് മുകളിൽ കെട്ടിയിരിക്കുന്ന പ്ലാസ‌്റ്റിക് കയറിൽ പിടിച്ചാണ് എഴുന്നേൽക്കുന്നത്.  ഊന്നുവടിയുടെ സഹായാത്താലാണ‌് സഞ്ചാരം.
നല്ല ഓർമ ശക്തിയുടെ ഉറവിടമാണ് ഈ മുത്തശ്ശി. ക‌ൃഷിക്കാരനായ ഭർത്താവിന്റെ മരണശേഷം പുഞ്ച ക‌ൃഷിയും കരക‌ൃഷിയും പശുക്കളുടെ പരിപാലനം, വീട്ടുജോലികൾ ഉൾപ്പെടെ നാണിയമ്മയുടെ ചുമലിലായി. പ്രായം ഏറിയതോടെ ഇതെല്ലാം ഏറ്റെടുത്ത് നടത്താൻ പ്രയാസമായതിനെ തുടർന്ന് ഇരുകാട് പുഞ്ചയിലെ പത്തുപറ നിലം വിറ്റു. കർമനിരതമായ ഈ ജീവിതം നൂറ്റി ഏഴിൽ എത്തുമ്പോൾ ഇനിയും ഏറെക്കാലം ജീവിക്കണമെന്നമോഹവും മുത്തശ്ശിക്കുണ്ട്. ദിവസവും രാവിലെ ചൂടുവെള്ളത്തിൽ കുളിക്കണം. പിന്നീട് ഉദയവും അസ‌്തമയവും കണ്ടിരിക്കണമെന്ന നിർബന്ധവുമുണ്ട‌്. രണ്ട് മക്കളാണ് മുത്തശ്ശിക്ക് ഉള്ളത്. സിപിഐ എം ഉളുന്തി എ ബ്രാഞ്ച് അംഗം ശിവാനന്ദപിള്ളയും കോമളവല്ലിയമ്മയുമാണ്.  ശിവാനന്ദനും ഭാര്യ ചന്ദ്രികയ‌്ക്കുമൊപ്പമാണ് നാണിയമ്മ.  രാവിലത്തെ ലഘുഭക്ഷണമാണ് രാത്രിയിലും നൽകുന്നത്.

ഉച്ചയ‌്ക്ക‌് ആഹാരം മിക്കപ്പോഴും നൽകാറില്ല. ദഹനക്കുറവാണ് പ്രശ്‌നം. ബിസ്‌ക്കറ്റും വെള്ളവും ധാരാളമായി നൽകും. അമ്മയുടെ ഇഷ‌്ടാനുഷ‌്ടങ്ങൾ അനുസരിച്ചുള്ള പരിചരണമാണ് ഇരുവരും നൽകുന്നത്.

പ്രധാന വാർത്തകൾ
Top