15 November Thursday

സമ്പൂർണ മാനസികാരോഗ്യം പ്രാഥമികതലത്തിൽ മാനസികാരോഗ്യചികിത്സ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


തിരുവനന്തപുരം
മാനസികാരോഗ്യചികിത്സ പ്രാഥമികതലത്തിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സമ്പൂർണ മാനസികാരോഗ്യം’ പദ്ധതി കൂടുതൽ രോഗികൾക്ക‌് പ്രയോജനംചെയ്യുന്നെന്ന‌് ആരോഗ്യവകുപ്പ‌്. മാനസിക ചികിത്സയും സേവനങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനാൽ ഓരോ കുടുംബാരോഗ്യകേന്ദ്രത്തിലും പുതുതായി നൂറിൽപ്പരം രോഗികൾക്ക‌് ചികിത്സ ലഭിക്കുന്നു.

പദ്ധതിയുടെഭാഗമായി വിഷാദരോഗം ഉൾപ്പെടെയുള്ള മാനസികപ്രശ‌്നങ്ങൾ ഉള്ളവരെ കണ്ടെത്താൻ കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ആശാ വർക്കർമാർക്ക‌് പരിശീലനം നൽകുന്നു. ഇതിനായി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ കീഴിൽ എല്ലാ മാസവും മാനസികാരോഗ്യ ക്ലിനിക്കും നടത്തുന്നു.

മാനസികപ്രശ‌്നങ്ങൾ, വൈകല്യങ്ങൾ, രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികപ്രശ‌്നങ്ങൾ, ആത്മഹത്യാപ്രവണത, മറവിരോഗം എന്നിവയ്ക്കെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽത്തന്നെ ചികിത്സ ലഭ്യമാണ‌്. കൂടാതെ, ജനങ്ങളിൽ മാനസികരോഗങ്ങളെക്കുറിച്ച‌് അവബോധം സൃഷ്ടിക്കുക, മാനസികരോഗം ബാധിച്ചവർക്ക‌് പുനരധിവാസ പദ്ധതികൾ ആസൂത്രണംചെയ്യുക എന്നീ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നെന്ന‌് ആരോഗ്യവകുപ്പ‌് അറിയിച്ചു.

പ്രധാന വാർത്തകൾ
Top