16 August Thursday
2017﹣18 അധ്യയനവർഷംമുതൽ പ്രവേശനം നേടിയ നിർധന വിദ്യാർഥികളുടെ ഫീസ‌് സർക്കാർ വഹിക്കും

സ്വാശ്രയ മെഡിക്കൽ: മെറിറ്റ‌് സീറ്റിലെ നിർധനരുടെ ഫീസ‌് സർക്കാർ നൽകും

എം വി പ്രദീപ‌്Updated: Wednesday Jun 13, 2018

തിരുവനന്തപുരം > സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന എല്ലാ നിർധന വിദ്യാർഥികളുടെയും വാർഷിക ഫീസ‌് സർക്കാർ നൽകും. ബിപിഎൽ വിഭാഗത്തിലുള്ള എംബിബിഎസ‌് വിദ്യാർഥികളുടെ വാർഷിക ഫീസ‌് സർക്കാർ സ‌്കോളർഷിപ്പായി അനുവദിക്കുന്ന പദ്ധതിയുടെ മാർഗനിർദേശങ്ങളടങ്ങുന്ന വിജ്ഞാപനം പുറത്തിറക്കി. 

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെറിറ്റിൽ പ്രവേശനം നേടുന്ന ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഫീസ‌് നൽകുന്നതിന‌് പ്രവേശന പരീക്ഷാ കമീഷണറുടെ നേതൃത്വത്തിൽ കോർപസ‌് ഫണ്ട‌് രൂപീകരിച്ചും ഉത്തരവിറങ്ങി. 2017﹣18 അധ്യയനവർഷംമുതൽ പ്രവേശനം നേടിയ നിർധന വിദ്യാർഥികളുടെ ഫീസ‌് സർക്കാർ വഹിക്കും. കഴിഞ്ഞവർഷം എൻആർഐ സീറ്റിൽ പ്രവേശനം നേടിയ ഓരോ വിദ്യാർഥിയിൽനിന്നും നിർധന വിദ്യാർഥികൾക്ക‌് സ‌്കോളർഷിപ‌് നൽകാൻ ഈടാക്കിയ അഞ്ചു ലക്ഷം രൂപ സർക്കാരിന്റെ കോർപസ‌് ഫണ്ടിലേക്ക‌് മാറ്റും. കൂടാതെ സർക്കാർ വിഹിതവും ഉണ്ടാകും.

എംബിബിഎസ‌് പ്രവേശനം നേടിയ വിദ്യാർഥികളെ സഹായിക്കാൻ ആഗ്രഹമുള്ള വിദേശ മലയാളികൾക്ക‌് എൻട്രൻസ‌് കമീഷണറുടെ കോർപസ‌് ഫണ്ടിലേക്ക‌് സംഭാവന നൽകാം. കൂടാതെ വ്യക്തികൾക്കും സംഘടനകൾക്കും കമ്പനികൾക്കും ഫണ്ട‌് നൽകാം. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ‌് കോളേജുകൾക്ക‌് എൻട്രൻസ‌് കമീഷണർ നൽകും. കൂലിപ്പണി, കാർഷികം,  തോട്ടം, കെട്ടിടനിർമാണം, ഹോട്ടൽ, ചെറുകിട വ്യാപാര സ്ഥാപനം,  കയർ, കശുവണ്ടി , വീട്ടുജോലി, സ്വർണപ്പണി, ബീഡി, അലക്ക‌്, ലോട്ടറി വിൽപ്പന, ബാർബർ, വഴിയോരക്കച്ചവടം തുടങ്ങി 32 മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ ഫീസ‌് സർക്കാർ വഹിക്കും. പുറമ്പോക്കിൽ താമസിക്കുന്നവരും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കളും  ഇതിൽപ്പെടും.  വിശദാംശം   മാർഗനിർദേശത്തിലുണ്ട‌്. ഒരേക്കറിന‌ു മുകളിൽ ഭൂമിയുള്ളവർക്ക‌് ആനുകൂല്യം ലഭിക്കില്ല‌. മാസം 25,000 രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരുടെ മക്കളും  അനർഹരാണ‌്.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ‌് സാധാരണക്കാർക്ക‌് അപ്രാപ്യമായ സാഹചര്യത്തിൽ സ‌്കോളർഷിപ‌് പദ്ധതി നടപ്പാക്കുമെന്ന‌് എൽഡിഎഫ‌് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എൻആർഐ വിഭാഗത്തിൽ അധികം ഈടാക്കുന്ന ഫീസ‌്  മാനേജ‌്മെന്റ‌് സ്‌കോളർഷിപ്പായി നൽകുന്ന രീതി പൂർണമായും ഗുണം ചെയ്യില്ലെന്ന‌ു കണ്ടാണ‌് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ പുതിയ പദ്ധതി തയ്യാറാക്കിയത‌്. മുഴുവൻ സീറ്റിലും നീറ്റ‌് റാങ്ക‌് ലിസ്റ്റ‌് അടിസ്ഥാനമാക്കി  മെറിറ്റിൽമാത്രമായിരിക്കും പ്രവേശനം. ‌എൻആർഐ അടക്കമുള്ള മുഴുവൻ സീറ്റിലെയും വാർഷിക ഫീസ‌് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top