24 September Monday
കർഷകസംഘം സംസ്ഥാന വനിതാ കൺവൻഷൻ

കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ ജൂലൈ 23ന് വനിതാ കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018



കണ്ണൂർ
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ  സംഘടിതരാക്കുന്നതിനും ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനുമുള്ള ക്രിയാത്മക ചർച്ചയുമായി കർഷകസംഘം സംസ്ഥാന വനിതാ കൺവൻഷൻ. സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിഅഞ്ഞൂറോളം വനിതാ കർഷകർ പങ്കെടുത്ത കൺവൻഷൻ ഇ കെ നായനാർ അക്കാദമിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. 

കർഷകസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ 'വനിതകൾക്കുള്ള കാർഷിക നയം'  കരട്രേഖ അവതരിപ്പിച്ചു.  രാജ്യത്തെ കൃഷിക്കാരായ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങൾ സജീവ ചർച്ചയായി.    കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് വേണ്ടത്ര പരിഗണന  ലഭിക്കുന്നില്ലെന്ന വിമർശം ഉയർന്നു.  ഇടതുപക്ഷ സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്ത് കാർഷിക മേഖലയിലുണ്ടായ പുത്തുനുണർവ് ഉപയോഗപ്പെടുത്തി കൃഷിയും അനുബന്ധ മേഖലയും ശക്തിപ്പെടുത്തുന്നതിന് സജീവമായി ഇടപെടണമെന്ന നിർദേശവും കൺവൻഷനിൽ ഉയർന്നു.


കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും  ഡീസൽ, പെട്രോൾ വില വർധന, റേഷൻ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ ജനകീയ പ്രശ്നങ്ങളുയർത്തിയും ജൂലൈ 23ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വനിതാ കർഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, സെക്രട്ടറി കെ വി രാമകൃഷ്ണൻ, അഖിലേന്ത്യാ  ജോ. സെക്രട്ടറി കെ കെ രാഗേഷ‌്, വൈസ‌് പ്രസിഡന്റ് എം വിജയകുമാർ,   ജോയിന്റ് സെക്രട്ടറിമാരായ ഗോപി കോട്ടമുറിക്കൽ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top