23 April Monday

ട്രെയിനെല്ലാം ഫുൾ; വിഷുയാത്ര വലയും

വെബ് ഡെസ്‌ക്‌Updated: Friday Apr 13, 2018


തിരുവനന്തപുരം > വിഷുവിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ദുരിതയാത്ര സമ്മാനിച്ച് റെയിൽവേ. അവധിക്കാലത്തിനൊപ്പം വിഷുകൂടി എത്തിയതോടെ വേണ്ടത്ര പ്രത്യേക ട്രെയിനുകളില്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്.

പതിവ് ട്രെയിനുകളിലെ സീറ്റ് റിസർവേഷൻ മാസങ്ങൾക്കുമുമ്പേ പൂർത്തിയായതോടെ നാട്ടിലെത്താൻ വഴിയില്ലാതെ വലയുകയാണ് മറുനാടൻ മലയാളികൾ. അവധിക്കാലം പ്രമാണിച്ച് ഇത്തവണ പേരിന് മാത്രമാണ് ട്രെയിനുകൾ അനുവദിച്ചത്. അനുവദിച്ച ട്രെയിനുകളെല്ലാം ഉയർന്ന നിരക്ക് നൽകേണ്ട സ്‌പെഷ്യൽ ഫെയർ ട്രെയിനുകളാണ്. ഭീമമായ നിരക്ക് നൽകേണ്ട ഇത്തരം ട്രെയിനുകളിലും സീറ്റില്ലാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.

വിഷുവിനോട് അടുത്ത ദിവസങ്ങളിൽ ചെന്നൈ, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങി മലയാളികൾ ഏറെയുള്ള നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് മാസങ്ങൾക്കു മുമ്പേ തീർന്നു.

മടങ്ങിവരാനും  യാത്രക്കാർ ബുദ്ധിമുട്ടേണ്ടി വരും. ടിക്കറ്റിന് റെയിൽവേയുടെ വെബ്‌സൈറ്റിൽ കയറിയാൽ എല്ലാ ട്രെയിനിലും വെയ്റ്റിങ് ലിസ്റ്റാണ്.
സംസ്ഥാനത്തിന്റെ തെക്കേയറ്റത്തും വടക്കേയറ്റത്തും ജോലിനോക്കുന്നവർക്കൊക്കെ നാട്ടിലെത്താനും ട്രെയിനുകൾ കിട്ടാതായി. യാത്രത്തിരക്ക് ഏറിയതോടെ സ്വകാര്യ ദീർഘദൂര ബസുകൾ നിരക്ക് കുത്തനെ കൂട്ടി. ചെന്നൈ, ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ദിവസവും  നിരവധി സ്വകാര്യ ദീർഘദൂര ബസുകളാണ് കേരളത്തിലേക്ക് വരുന്നത്. വിഷുവിനോട് അടുത്ത ദിവസങ്ങളിൽ മറ്റു ദിവസങ്ങളേക്കാൾ നിരക്ക് കൂട്ടിയിട്ടുണ്ട്.

ആശ്വാസമായി കെഎസ്ആർടിസി
തിരുവനന്തപുരം > വിഷു, അംബേദ്കർ ജയന്തി അവധി ദിവസങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. 17 വരെ കെഎസ്ആർടിസി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് മൈസൂരു/ബംഗളൂരു മേഖലകളിലേക്കും തിരിച്ചും  അധിക സർവീസുകൾ  നടത്തും.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.  കെഎസ്ആർടിസി ഇപ്പോൾ നടത്തുന്ന പ്രധാന അന്തർസംസ്ഥാന സർവീസുകളായ ബംഗളൂരു, കൊല്ലൂർ മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂരു, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നിവ ഈ കാലയളവിൽ മുടങ്ങാതെ സർവീസ് നടത്തുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ദീർഘദൂര/അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top