19 January Saturday

ആർപ്പോ ആർത്തവത്തിന് ആവേശകരമായ തുടക്കം

സ്വന്തം ലേഖികUpdated: Sunday Jan 13, 2019

കൊച്ചി > ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന് ഉറക്കെപ്രഖ്യാപിച്ച് ആർപ്പോ ആർത്തവത്തിന് എറണാകുളം മറൈൻഡ്രൈവ് ഹെലിപാഡ് മൈതാനത്ത‌് ആവേശകരമായ തുടക്കം. ശബരിമലയിൽ ദർശനം നടത്തിയ ട്രാൻസ് വനിതകളായ രഞ്ജുമോൾ മോഹൻ, അനന്യ അലക്സ്‌, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവർചേർന്നാണ് പരിപാടിക്ക് ഔപചാരിക തുടക്കം കുറിച്ചത്. കലാകക്ഷി തയ്യാറാക്കിയ ദാക്ഷായണി വേലായുധൻ, ആനി മസ്‌ക്രീൻ, അമ്മു സ്വാമിനാഥൻ, ബീഗം ആയിസാസ് റസൂൽ എന്നിവരുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ഉദ്ഘാടനം. ആർത്തവം വിശ്വാസം ഭരണഘടന, ആർത്തവം സമൂഹം അനുഭവം  എന്നീ വിഷയങ്ങളിൽ നിരവധി പേർ സംസാരിച്ചു.

ആർത്തവത്തെ ആഘോഷമാക്കി കോവൻ സംഘത്തിന്റെ പാട്ടുൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ആർത്തവം അയിത്തമല്ലെന്ന് ഉറക്കെപ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരാണ്  ആർപ്പോ ആർത്തവ വേദിയിലെത്തിയത്. വൈകിട്ടോടെ കൊച്ചിയെ ആവേശത്തിലാക്കി മറൈൻഡ്രൈവിൽനിന്ന് രാജേന്ദ്രമൈതാനംവരെ ആർത്തവറാലി നടത്തി. റാലി സമ്മേളനം സംവിധായകൻ പാ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. തുടർന്ന് കാസ്റ്റ്‌ലസ് കലക്ടീവ് മ്യൂസിക് ബാൻഡിന്റെ സംഗീതപരിപാടി അരങ്ങേറി. ആർത്തവം ശാസ‌്ത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട‌്.

ഞായറാഴ്ച ഉച്ചയ്ക്ക്  12ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സിപിഐ ദേശീയ നേതാവ് ആനിരാജ, ആദിവസി ഗോത്ര മഹാസഭ നേതാവ‌് സി  കെ ജാനു, കൊച്ചി മുസിരിസ‌് ബിനാലെ ക്യൂറേറ്റർ അനിതാ ദൂബെ, കെ  അജിത, സാറാ ജോസഫ്, കെ ആർ മീര, ഡോ. സുനിൽ പി ഇളയിടം,  സണ്ണി എം കപിക്കാട്, തുടങ്ങിയവരും സംസാരിക്കും. രാത്രിവരെ നീളുന്ന പരിപാടിയിൽ കോവൻസംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌കാരങ്ങൾ നടക്കും.
 


പ്രധാന വാർത്തകൾ
Top