21 October Sunday

നാടിന്റെ നന്മയ്ക്കായി അവര്‍ പോയ് വരട്ടെ

ഇ സുദേഷ്Updated: Saturday Jan 13, 2018

കേരളത്തിലെ ബാങ്കുകളില്‍ 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട് വിദേശ മലയാളികള്‍ക്ക്. ഈ തുകയുടെ പലിശയില്‍നിന്ന് ചെറിയ ശതമാനം നീക്കിവച്ചാല്‍ത്തന്നെ വര്‍ഷം 100 കോടിയോളം രൂപ പ്രവാസിക്ഷേമത്തിന് വായ്പയായി നല്‍കാം. എന്നാല്‍, നിലവില്‍ വളരെ കുറച്ച് കാര്യങ്ങള്‍ക്കു മാത്രമാണ് പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നത്. അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ബങ്കുകളുടെ സഹകരണം അനിവാര്യം.

പ്രവാസി സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി നിലവില്‍ 20 ലക്ഷം രൂപ വരെയാണ് വായ്പ. ഈ തുക വര്‍ധിപ്പിക്കണം. പ്രവാസി കൂട്ടായ്മകള്‍ക്ക് വായ്പ നല്‍കുന്ന സംവിധാനവും ഉണ്ടാകണം. വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സായ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞാല്‍ അവരുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് വലിയ താല്‍പ്പര്യമില്ല.

കേരളത്തിലെ പ്രവാസികളുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ കണക്ക് എങ്ങുമില്ല. പ്രവാസി സംഘടനകളുടെ കൈയിലുള്ളത് അവരുടെ അംഗങ്ങളുടെ കണക്കു മാത്രം. പ്രവാസി പുനരധിവാസപദ്ധതികള്‍ നടപ്പാക്കാന്‍ ഇതു തടസ്സമാണ്. നോര്‍ക്ക, പ്രവാസി ക്ഷേമനിധി ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയില്‍ പ്രവാസി സര്‍വേക്ക് നീക്കം തുടങ്ങി. കുടുംബശ്രീകളെയും മറ്റും ഉപയോഗപ്പെടുത്തി സര്‍വേ പൂര്‍ത്തിയാക്കാമെന്നാണ് നീക്കം. സമഗ്ര സര്‍വേക്കെതിരെ പ്രവാസികളില്‍ത്തന്നെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണം ഉണ്ടാകുന്നത് പ്രതിസന്ധിയാണ്.

സാമ്പത്തിക സാക്ഷരത ഇല്ലാത്തതാണ് ഭൂരിപക്ഷം പ്രവാസികളും മടങ്ങിവന്നാല്‍ ദുരിതത്തിലാകാന്‍ കാരണം. ഗള്‍ഫ് കാലത്ത് കിട്ടുന്ന പണം മുഴുവന്‍ മുന്‍കരുതലില്ലാതെ ചെലവഴിക്കുന്നു. ശമ്പളത്തിനു പുറമെ കടംമേടിച്ചും നാട്ടിലേക്ക് അയക്കുന്നു. വീടുപണി, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത്. കെട്ടിടം നിര്‍മാണത്തിന് 37 ശതമാനം, വിവാഹത്തിന്  27, ഭൂമി വാങ്ങാന്‍ 26, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 12 ശതമാനം എന്നിങ്ങനെയാണ് പ്രവാസി സമ്പത്ത് ചെലവാക്കപ്പെടുന്നതിന്റെ ഏകദേശ കണക്ക്്. കടംവീട്ടാനും മറ്റും ചെലവഴിച്ച് ബാക്കി വരുന്ന ചെറിയ തുക മാത്രമാണ് ഉല്‍പ്പാദനമേഖലയില്‍ മുടക്കുന്നത്. പ്രവാസികളുടെ സമ്പത്ത് ഉല്‍പ്പാദനമേഖലയില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന ബോധവല്‍ക്കരണം അനിവാര്യമാണ്. വിവിധ മേഖലയിലെ സമ്പന്നമായ അനുഭവ പരിചയവുമായി മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം സാധ്യത തേടണം.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമഗ്ര പെന്‍ഷന്‍ പദ്ധതിയും വേണം. നിലവില്‍ 2000 രൂപ മാത്രമാണ് പ്രവാസി പെന്‍ഷന്‍. ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി എന്ന നിര്‍ദേശം നോര്‍ക്ക മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതിപ്രകാരം പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും.

ജിസിസി രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാനും ജയിലിലാകുന്നവര്‍ക്ക് നിയമസഹായം നല്‍കാനും ആവശ്യമായ സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കേണ്ടതുണ്ട്. ഇന്ത്യക്കാരെ ജയിലില്‍ അടയ്ക്കുമ്പോള്‍ എംബസിയില്‍ വിവരം അറിയിക്കാന്‍ സംവിധാനം വേണം. പൊതുമാപ്പ് ലഭിച്ചവരെ തിരിച്ചെത്തിക്കാനും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണം. ഷാര്‍ജ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ചവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന നൂറിലധികം ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സാധിച്ചു.

കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും വിദേശത്തു പോകുന്നവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും അടിമജീവിതം ഒഴിവാക്കുകയുമാണ് വേണ്ടതെന്നും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളിലെ മലയാളികളുടെ സ്വത്തുവകകള്‍ക്ക് സംരക്ഷണത്തിന് നയതന്ത്രപരമായ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈത്താങ്ങായി നോര്‍ക്ക
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍ജീവമായ നോര്‍ക്ക ഇപ്പോള്‍ ഏറെ സജീവമായി. പ്രവാസിക്ഷേമത്തിന് വിപുലമായ നടപടികളാണ് നോര്‍ക്ക നടപ്പാക്കുന്നത്. നോര്‍ക്ക അറ്റസ്റ്റേഷന്‍ നടത്തുന്നവര്‍ സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തിന് ഇരയാകുന്നു. അതില്ലാതാക്കാന്‍ നോര്‍ക്കയില്‍ തന്നെ അറ്റസ്റ്റേഷന്‍ സൌകര്യം ഏര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് വിതരണം നടക്കുന്നു. ഇതിനായി വര്‍ഷം പതിനായിരങ്ങളുടെ അപേക്ഷ ലഭിക്കുന്നു.

വിദേശരാജ്യങ്ങളിലേക്ക് വീട്ടുജോലിക്കും മറ്റും പോകുന്ന സ്ത്രീകള്‍ക്കു പരിശീലനം നല്‍കാനുള്ള സംവിധാനമൊരുക്കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു. ഇവര്‍ക്ക് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരമൊരുക്കും.

(അവസാനിച്ചു)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top