Top
22
Monday, January 2018
About UsE-Paper

സ്വകാര്യ ഡെന്റല്‍ ക്ളിനിക്കുകള്‍ക്ക് കേരള രജിസ്ട്രേഷന്‍ നിര്‍ബന്ധം

Saturday Jan 13, 2018
എം വി പ്രദീപ്


തിരുവനന്തപുരം > സംസ്ഥാനത്ത് സ്വകാര്യ ഡെന്റല്‍ ക്ളിനിക്കുകളും ഡെന്റല്‍ ലാബുകളും ആരംഭിക്കുന്നതിന് സ്റ്റേറ്റ് ഡെന്റല്‍ കൌണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മതിയായ യോഗ്യതയില്ലാത്തവര്‍ ക്ളിനിക്കുകള്‍ നടത്തുന്നതായി നിരവധി പരാതി സര്‍ക്കാരിനും കൌണ്‍സിലിനും ലഭിച്ച പശ്ചാത്തലത്തിലാണിത്. നിയമാനുസൃതമല്ലാതെയും അടിസ്ഥാന ഭൌതിക സൌകര്യങ്ങളോ ക്ളിനിക്കല്‍ ഉപകരണങ്ങളോ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ചികിത്സ തേടിയവര്‍ക്ക് രോഗം ഗുരുതരമായെന്നതുള്‍പ്പെടെ പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഡെന്റല്‍ കൌണ്‍സിലിന് സര്‍ക്കാര്‍ നല്‍കിയത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെന്റല്‍ ക്ളിനിക്കുകളെയും ഡെന്റല്‍ ലാബുകളെയും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ ഉത്തരവിലുണ്ട്. 1948ലെ ഡെന്റല്‍ കൌണ്‍സില്‍ ആക്ടിലും 1963ലെ ചട്ടം എട്ടിലും ദന്ത ഡോക്ടര്‍മാരെ നിയന്ത്രിക്കാന്‍ കൌണ്‍സിലിനുള്ള അധികാരം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്തിനു പുറത്തുള്ള ഡെന്റല്‍ കോളേജുകളില്‍നിന്ന് ബിരുദംനേടി അവിടങ്ങളിലെ കൌണ്‍സിലുകളില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും നേഴ്സിങ് മേഖലയിലേതുപോലെ കേരളത്തില്‍ രജിസ്ട്രേഷന്‍ വേണമെന്ന് കൌണ്‍സില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കര്‍ശന നടപടിക്ക് കഴിഞ്ഞിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ബിഡിഎസ് കോഴ്സുകള്‍ പാസാകാത്തവര്‍പോലും സംസ്ഥാനത്ത് ക്ളിനിക്കുകള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു.

ഇതുവരെ കേരള ഡെന്റല്‍ കൌണ്‍സില്‍ 20,000 ഡോക്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധിപേര്‍ രജിസ്റ്റര്‍ ചെയ്യാതെ  ക്ളിനിക്കുകളിലും ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ട്. ഇനി  ക്ളിനിക്കുകള്‍ ആരംഭിക്കുന്നതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധന ഡെന്റല്‍ കൌണ്‍സില്‍ നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ പഠിച്ചവരാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധന ഇതര സംസ്ഥാന കൌണ്‍സിലുകള്‍ മുഖാന്തരം നടത്തും. കൂടാതെ ക്ളിനിക് തുടങ്ങുന്ന സ്ഥലം, ചികിത്സാ ഫീസ്, ക്ളിനിക്കുകളുടെയും ലാബുകളുടെയും നിലവാര പരിശോധന എന്നിവയും കര്‍ശനമാക്കും. സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളുടെ എണ്ണം സംസ്ഥാനത്തിനകത്തും പുറത്തും കൂടിയ സാഹചര്യത്തില്‍ സ്വകാര്യ ക്ളിനിക്കുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇത് ചൂഷണങ്ങള്‍ക്കും കിടമത്സരത്തിനും ഇടയാക്കുന്നുണ്ട്.
കേരള ഡെന്റല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭ്യമാകുന്നതിനുള്ള അപേക്ഷയുടെ മാതൃകയും നിബന്ധനകളും തയ്യാറാക്കാന്‍ കൌണ്‍സിലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അപേക്ഷയുടെ മാതൃകയും നിബന്ധനകളുടെ കരടും ഉടന്‍ തയ്യാറാക്കുമെന്ന് ദന്തല്‍ കൌണ്‍സില്‍ രജിസ്ട്രാര്‍ എസ് ഭദ്രന്‍ പറഞ്ഞു.