18 October Thursday

കുറ്റിപ്പുറത്ത് സൈന്യത്തിന്റെ പിയേഴ്സ് സ്റ്റീല്‍ പ്ളേറ്റും

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


കുറ്റിപ്പുറം > ഡയറക്ഷണല്‍ ബോംബുകളും വെടിയുണ്ടകളും കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനുതാഴെനിന്ന് സൈന്യം ഉപയോഗിക്കുന്ന പിയേഴ്സ് സ്റ്റീല്‍പ്ളേറ്റും കണ്ടെത്തി. ചതുപ്പുനിലങ്ങളില്‍ സൈനിക വാഹനങ്ങള്‍ താഴാതിരിക്കാനാണ് സാധാരണയായി ഇവ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത് അന്തിമമായി സ്ഥിരീകരിക്കേണ്ടത് മിലിട്ടറി ഇന്റലിജന്‍സ് അധികൃതരാണ്.

വെള്ളിയാഴ്ച രാവിലെ പൊലീസും ബോംബ് സ്വ്കാഡും നടത്തിയ തെരച്ചിലിനിടെയാണ് സ്റ്റീല്‍ പ്ളേറ്റ് കണ്ടെത്തിയത്. മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് ഡിഎസ്എംഡി (ഡീപ്പ് സെര്‍ച്ചിങ് മെറ്റല്‍ ഡിറ്റക്ടര്‍) ഉപയോഗിച്ചുള്ള തെരച്ചിലിലാണ് സ്റ്റീല്‍ പ്ളേറ്റ് കണ്ടെത്തിയത്. ഉച്ചയ്ക്കുശേഷം ജെസിബി ഉപയോഗിച്ച് മണ്ണും മണലും നീക്കിയെങ്കിലും മറ്റൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിച്ചു. പൊലീസ് ട്രോമ കെയര്‍ പ്രവര്‍ത്തകരും തെരച്ചിലില്‍ അണിനിരന്നു.
ഡിഐജി ജി സ്പര്‍ജന്‍ കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി എസ് ശശിധരന്‍, തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തെരച്ചില്‍. ഉത്തരമേഖലാ ഡിഐജി രാജേഷ് ദിവാനും തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാറും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ഈ മാസം അഞ്ചിനാണ് അഞ്ച് ഡയറക്ഷണല്‍ ബോംബ് കുറ്റിപ്പുറം പാലത്തിനുതാഴെ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഇവ സൈന്യം ഉപയോഗിക്കുന്നവയാണെന്ന് വ്യക്തമായി. ബോംബുകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് അധികൃതര്‍ മിലിട്ടറി ഇന്റലിജന്‍സിനെ സമീപിച്ചെങ്കിലും ഇതുവരെ പരിശോധനയ്ക്കെത്തുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ പറഞ്ഞു. പൊലീസ് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോംബ് നിര്‍വീര്യമാക്കാന്‍ കോയമ്പത്തൂരില്‍നിന്ന് എന്‍എസ്ജി സംഘം എത്തിയിരുന്നു. തെളിവ് ശേഖരിക്കുന്നതുവരെ നിര്‍വീര്യമാക്കേണ്ടതില്ലെന്ന് അറിയിച്ചതോടെ ഇവര്‍ മടങ്ങി.

മലപ്പുറം ജില്ലയുടെ ചുമതലയുള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാറിന്റെ നേതൃത്വത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഒരു സംഘം മഹാരാഷ്ട്രയില്‍ ക്യാമ്പുചെയ്ത് അന്വേഷിക്കുന്നുണ്ട്. കുറ്റിപ്പുറത്ത് കണ്ടെടുത്ത ബോംബുകള്‍ മഹാരാഷ്ട്രയിലെ പട്ടാള ബോംബുനിര്‍മാണ കേന്ദ്രത്തില്‍നിന്ന് പുല്‍ഗാവിലെ ആയുധവിതരണ കേന്ദ്രത്തിലേക്ക് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ആയുധവിതരണ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള അന്വേഷണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top