23 April Monday

മൂന്നാംമുറയും അഴിമതിയും അംഗീകരിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

തിരുവനന്തപുരം > പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയും മൂന്നാംമുറയും തീര്‍ത്തും ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം എസ്എപിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ദനവും ബലപ്രയോഗവും ഭീഷണിയുമാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമെന്ന ധാരണയ്ക്ക് മാറ്റംവന്നിരിക്കുകയാണ്. ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മൂന്നാംമുറ അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു വിരുദ്ധമായ പ്രവണത വച്ചുപൊറുപ്പിക്കില്ല. കഴിവും കാര്യക്ഷമതയുമുള്ള ഇന്ത്യയിലെ മികച്ച പൊലീസ് സേനകളിലൊന്നായാണ് കേരള പൊലീസ് അറിയപ്പെടുന്നത്. എങ്കിലും അഴിമതിക്ക് വശംവദരാകുന്ന അപൂര്‍വം ഉദ്യോഗസ്ഥരുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.

സുരക്ഷ ഉറപ്പാക്കലും ക്രമസമാധാനപാലനവും ആധുനിക കാലത്ത് കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്. ജനപിന്തുണയോടെ സുരക്ഷയും സമാധാനാന്തരീക്ഷവും ഉറപ്പാക്കുകയും സ്ത്രീകളും ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആവലാതികള്‍ക്ക് ആശ്വാസമേകുകയും ചെയ്യാന്‍ എല്ലാ പൊലീസ് സേനാംഗങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 245 പേരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, എപി ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാര്‍, സൌത്ത് സോണ്‍ എഡിജിപി ഡോ. ബി സന്ധ്യ, വിജിലന്‍സ് എഡിജിപി ഡോ. ഷെയ്ക് ദര്‍വേഷ് സാഹിബ്, കെപിഎച്ച്സിസി എംഡി നിതിന്‍ അഗര്‍വാള്‍, എപി ബറ്റാലിയന്‍ ഡിഐജി കെ ഷെഫീന്‍ അഹമ്മദ്, എസ്എപി കമാന്‍ഡന്റ് വി വി ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top