19 December Wednesday

'അപ്ന ഘര്‍' വ്യാപിപ്പിക്കും: ടി പി രാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

പാലക്കാട് > ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഭവനം ഫൌണ്ടേഷന്‍ ഒരുക്കുന്ന 'അ്പന ഘര്‍' ഭവനസമുച്ചയപദ്ധതി മൂന്ന് ജില്ലകളില്‍കൂടി നടപ്പാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കഞ്ചിക്കോട്ട് പണി പൂര്‍ത്തിയായ ഭവനസമുച്ചയം സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

640 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പത്ത്കോടിരൂപ ചെലവില്‍ കോസ്റ്റ്ഫോര്‍ഡാണ് കെട്ടിടം നിര്‍മിച്ചത്. 30ന് ഭവനം ഫൌണ്ടേഷന് കോസ്റ്റ്ഫോര്‍ഡ് കൈമാറും. അടുത്തമാസംമുതല്‍ അപേക്ഷ സ്വീകരിക്കും. ജനവുരിയില്‍ തുറന്നു കൊടുക്കും. ഒരു മുറിയില്‍ പത്ത്പേര്‍ക്ക് താമസസൌകര്യമുണ്ട്. ഇതേ മാതൃകയില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കൂടി പദ്ധതി ആരംഭിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.

കിന്‍ഫ്രയുടെ സ്ഥലം ലഭ്യമാക്കാനുള്ള ചര്‍ച്ച നടക്കുകയാണ്. ക്രമേണ മുഴുവന്‍ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ പരിരക്ഷയും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍നിന്ന് അകറ്റുന്നതിന് വന്‍ ഗൂഢാലോചന നടന്നു. എന്നാല്‍ അതിനെ അതിജീവിച്ച് അവര്‍ കേരളത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളകിള്‍ക്ക് 'ആവാസ്' ഇന്‍ഷുറന്‍സ് പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. കെട്ടിടനിര്‍മാണത്തിനിടെ കൂറ്റനാട്വച്ച് മരണപ്പെട്ട ഒഡീഷ സ്വദേശിക്ക് 'ആവാസ്' പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി. തുക ഉടന്‍ വിതരണം ചെയ്യും. പദ്ധതിയില്‍അഞ്ച്ലക്ഷം തൊഴിലാളികളെ ചേര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top