17 December Monday

വൈപ്പിൻ തീരത്ത് കടൽകയറ്റം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


വൈപ്പിൻ
തീരദേശവാസികളെ ഭീതിയിലാഴ്ത്തി വൈപ്പിൻ തീരങ്ങളിൽ രൂക്ഷമായ കടൽ കയറ്റം. ബുധനാഴ്ച രാത്രിയാണ് തിരമാലകൾ തീരത്തേക്ക് കയറിയത്. ന്യൂനമർദ ഭീഷണിയെത്തുടർന്ന് ഭീതിയിലായിരുന്ന തീരദേശമേഖലയിൽ ഇതിന്റെ ആശങ്ക ഒഴിവാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടൽകയറ്റമുണ്ടായത്.

രാത്രി 11ന‌് ആരംഭിച്ച കടൽകയറ്റം പുലർച്ചെവരെ നീണ്ടതായി പ്രദേശവാസികൾ പറഞ്ഞു. എടവനക്കാട് അണിയിൽ, ചാത്തങ്ങാട്, പഴങ്ങാട്, കുഴുപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കടൽകയറിയത്. കടൽഭിത്തി കവിഞ്ഞ് തിരമാലകൾ തീരദേശ റോഡിലേക്ക് എത്തി. കടൽവെള്ളത്തോടൊപ്പം കയറിയ മണൽ വീണ് റോഡ് സഞ്ചാരയോഗ്യമല്ലാതായി.

റോഡിലേക്ക് അടിച്ചുകയറിയ തിരമാല ഈ ഭാഗത്തെ മണൽ തടയണകൾ തകർത്ത‌് സമീപത്തെ വീടുകളിലേക്ക് ഒഴുകി. എടവനക്കാട് ഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ കടൽ കയറുന്നത് തുടർക്കഥയാണ്. പലയിടത്തും കടൽഭിത്തി ഉണ്ടെങ്കിലും കാലകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർന്ന നിലയിലാണ‌്.

കൂറ്റൻ കരിങ്കല്ലുകൾ അടുക്കിവയ‌്ക്കുമ്പോൾ ഉണ്ടാകുന്ന വിടവുകൾ കരിങ്കൽച്ചീളുകൾ ഉപയോഗിച്ച് അടയ‌്ക്കാത്തതുകൊണ്ട് തിരമാലകൾ ഇതിലൂടെയും കരയിലേക്ക് എത്തുന്നു. ഇതിനൊപ്പം മണൽകൂടി ചോർന്നുപോകുന്നതോടെ പലയിടത്തും ഭിത്തിക്ക്  തകർച്ച സംഭവിക്കുന്നു.


പ്രധാന വാർത്തകൾ
Top