Top
17
Sunday, December 2017
About UsE-Paper

ഇത് കാരുണ്യത്തിന്റെ നാട്, വിട്ടുപോകില്ല ഞങ്ങള്‍

Thursday Oct 12, 2017
വി ജയിന്‍


പാലക്കാട് > 'സ്നേഹവും കരുണയുമുള്ള ഈ മണ്ണുവിട്ട് ഞങ്ങള്‍ എങ്ങോട്ടും തിരിച്ചുപോകില്ല'- ജന്മദേശം വിട്ട് 17 വര്‍ഷമായി പാലക്കാട്ടെ കഞ്ചിക്കോട് ജോലിചെയ്യുന്ന ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശി അഖിലേഷ്കുമാറും അഞ്ചുവര്‍ഷമായി കഞ്ചിക്കോട് ജോലി ചെയ്യുന്ന ബിഹാറിലെ നളന്ദ സ്വദേശി രാജേഷ്റാമുമടക്കമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നു. കഞ്ചിക്കോട് വ്യവസായ പാര്‍ക്കിനടുത്ത ആലാമരത്ത് ഒന്നിച്ചുതാമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ സന്ദേശത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. ഇതുവരെയുള്ള തങ്ങളുടെ കേരള ജീവിതത്തിനിടെ, തദ്ദേശീയരില്‍നിന്ന് കടുപ്പിച്ചൊരു വാക്കുപോലും നേരിടേണ്ടിവന്നിട്ടില്ലെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു.

കഞ്ചിക്കോട് കൈരളി സ്റ്റീല്‍സില്‍ ജോലി ചെയ്യുന്ന അഖിലേഷ്കുമാര്‍ നാട്ടില്‍നിന്ന് കുടുംബത്തെ കൂട്ടിവന്നിട്ട് പത്തുവര്‍ഷത്തിലധികമായി. മൂന്ന് മക്കളുണ്ട്. പ്രേംകുമാര്‍, സന്തോഷ്കുമാര്‍, സഞ്ജീവ്കുമാര്‍. മൂന്നുപേരും ചുള്ളിമട ജിഎല്‍പിഎസില്‍ പഠിക്കുന്നു. മൂന്നുപേരും പച്ചവെള്ളംപോലെ മലയാളം പറയും. ആ മക്കള്‍ക്ക് കേരളം പിറന്ന നാടാണ്.

ബിഹാര്‍ സ്വദേശിയായ ജിതേന്ദ്ര യാദവ് 12 വര്‍ഷമായി കഞ്ചിക്കോടുണ്ട്. ഇപ്പോള്‍ പെപ്സി കമ്പനിയില്‍ ജോലിചെയ്യുന്നു. പതിനഞ്ച് വയസ്സില്‍ ഇവിടെ എത്തിയതാണ്. ഇപ്പോഴും ഇവിടത്തെ ജോലിവിട്ട് തിരിച്ച് എങ്ങോട്ടും പോകാനില്ലെന്ന് ജിതേന്ദ്ര യാദവ് പറയുന്നു. ബിഹാറിലെ ജഹാനാബാദില്‍നിന്ന് ദേവേന്ദ്രയാദവ് കഞ്ചിക്കോട്ടെത്തിയിട്ട് നാലുവര്‍ഷമേ ആയിട്ടുള്ളൂ. തങ്ങളുടെ ജീവിതത്തില്‍ കേരളീയരില്‍നിന്ന് സ്നേഹവും നല്ല പെരുമാറ്റവും മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് ദേവേന്ദ്ര പറയുന്നു.

അമിത്കുമാര്‍, ചന്ദ്രജിത് കുമാര്‍, സാധുയാദവ് എന്നിവരും ബിഹാറില്‍നിന്നുള്ളവര്‍. തെറ്റായ പ്രചാരണങ്ങളില്‍ ഇവരാരും കുടുങ്ങിയിട്ടില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സഹായിക്കുന്നവരാണ് മലയാളികളെന്നാണ് അവരുടെ അഭിപ്രായം. പുതുശേരി പഞ്ചായത്തംഗം എസ് രമേശ് ഇടയ്ക്ക് തൊഴിലാളികളെ കാണാനെത്തും. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും. പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയൊരു കേന്ദ്രമാണ് കഞ്ചിക്കോട് വ്യവസായ മേഖല.
സംസ്ഥാന തൊഴില്‍ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനായി ആധുനിക സൌകര്യങ്ങളുള്ള പാര്‍പ്പിട സമുച്ചയം ഒരുക്കുകയാണ്. മലയാളം പഠിക്കാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികളുടെ എണ്ണം ശേഖരിക്കുകയും ചെയ്യുന്നു. നാമമാത്രമായ വാടകയ്ക്ക് 'അപ്നാ ഘര്‍' എന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഇവര്‍ക്ക് താമസിക്കാം. കുടുംബങ്ങള്‍ക്ക് താമസിക്കാനും സൌകര്യമൊരുക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. തൊഴില്‍ വകുപ്പ് വിവിധ തൊഴില്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് താമസിക്കേണ്ട ഇതര സംസ്ഥാന തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്. 64 മുറികളിലായി 640 പേര്‍ക്കാണ് താമസസൌകര്യം ഒരുക്കുന്നത്. 'അപ്നാ ഘര്‍' ഈ വര്‍ഷം തുറന്നുകൊടുക്കും.