15 November Thursday

കാസർഗോഡ്‌ കേന്ദ്ര സർവകലാശാലയിൽ ദളിത്‌ വിദ്യാർഥിക്കെതിരെ അധികൃതരുടെ പ്രതികാര നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

പെരിയ > കാസർഗോഡ്‌  കേന്ദ്ര സർവകലാശാലയിലെ ദളിത്‌ വിദ്യാർഥിക്കെതിരെ അധികൃതർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതി. തെലങ്കാനയിൽ നിന്നുള്ള ഗവേഷക വിദ്യാർഥിയായ ജി നാഗരാജുവിനെയാണ്‌ സർവകലാശാലാ അധികൃതർ പ്രതികാര നടപടിയിലൂടെ ഹോസ്റ്റലിൽ നിന്ന്‌ പുറത്താക്കിയത്‌.  നാഗരാജുവിന്റെ പിഎച്ച്‌ഡി പ്രവേശനം റദ്ദാക്കാനും പൊലീസ്‌ കേസ്‌ എടുപ്പിക്കാനും നീക്കമുണ്ട്‌.

ഹോസ്റ്റലിലെ അഗ്നിശമന സംവിധാനത്തിന്റെ ഗ്ലാസ്‌ പൊട്ടിച്ചു എന്ന കുറ്റമാരോപിച്ചാണ്‌ നടപടി. ‌അമ്മയുടെ നിര്യാണത്തെത്തുടർന്ന്‌ കടുത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുയായിരുന്ന നാഗരാജു സംഭവിച്ച തെറ്റിന്‌ മാപ്പുപറയുകയും ഇത്‌ നന്നാക്കി നൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌തിട്ടും അധികൃതർ പ്രതികാര നടപടിയുമായി മുന്നോട്ട്‌ പോകുകയായിരുന്നു.

ജി നാഗരാജു

ജി നാഗരാജു



സർവകലാശാലാ അധികൃതർ ഏറെ നാളായി തുടർന്നുവരുന്ന ദളിത്‌ വിരുദ്ധ നടപടികളുടെ തുടർച്ചയാണിതെന്ന്‌ വിലദ്യാർഥികൾ പറയുന്നു. 250 രൂപയിൽ താഴെ മാത്രം വിലവരുന്ന ഗ്ലാസിന്റെ പേരിൽ ഒരു ദളിത്‌ ഗവേഷക വിദ്യാർഥിയുടെ ഭാവി തകർക്കുന്ന തരത്തിലാണ്‌ നടപടിയെന്നും ഇവർ പറയുന്നു.

സർവകലാശാലാ അധികൃതരുടെ സംഘപരിവാർ അജണ്ടക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്നയാളാണ്‌ നാഗരാജു. മുൻപും ഇവിടെ അധികൃതരുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ശ്രമം നടന്നിരുന്നു.

അധികൃതരുടെ നടപടിയിൽ പ്രതിഷേധം അറിയിച്ച എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി ഇരകളോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആർഎസ്‌എസ്‌‐സംഘ്‌പരിവാർ രാഷ്‌ട്രീയത്തിന്റെ പതാക വാഹകരായി സർവകലാശാലാ അധികൃതർ അധ:പതിച്ചിരിക്കുന്നു. സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യുന്ന വിദ്യാർഥികളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ്‌ സർവകലാശാലാ അധികൃതർ ശ്രമിക്കുന്നത്‌. ‐ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top