17 July Tuesday

സിനിമയെ വെല്ലുന്ന ജീവിതകഥ; മരിച്ചെന്ന‌് കരുതിയ സൈനികൻ 11 വർഷത്തിനുശേഷം തിരിച്ചെത്തി

ഡി കെ അഭിജിത്ത‌്Updated: Thursday Jul 12, 2018

ആലപ്പുഴ > ജീവിതത്തിൽ ഇനിയൊരിക്കലും വരില്ലെന്ന‌് കരുതിയ സൈനികൻ മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ‌് ഹരിപ്പാട‌് ചെറുതന ആനാരി കുറവൻപറമ്പിൽ കുടുംബം. പതിനൊന്ന‌് വർഷം മുമ്പ‌് കാണാതായ സന്തോഷ‌്കുമാർ ഞായറാഴ‌്ചയാണ‌് മധ്യപ്രദേശിൽനിന്നും ഇളയ സഹോദരൻ സതീഷിനൊപ്പം നാട്ടിലെത്തിയത‌്.

പതിനൊന്ന‌് വർഷം മുമ്പാണ‌് മധ്യപ്രദേശിലെ മണ്ഡ‌്‌ല ജില്ലയിലെ ഝാൻസിയിൽ നിന്നും സന്തോഷിനെ കാണാതായത‌്. ആർമിയിൽ സിഗ്‌നൽ വിഭാഗത്തിലെ സൈനികനായിരുന്ന സന്തോഷ‌ിന‌്  അപകടത്തെത്തുടർന്ന‌് ഇടതുകണ്ണിന‌് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന‌് വിആർഎസ‌് ‌എടുത്ത‌് നാട്ടിലേക്ക‌് പോകാനൊരുങ്ങി. എന്നാൽ, വീട്ടിലെത്തിയില്ല. ബന്ധുക്കൾ ഏറെനാൾ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല. മരിച്ചെന്ന‌് കരുതി മരണാനന്തര ചടങ്ങുകൾപോലും നടത്തി. ഈ മാസം മൂന്നിന‌് ഝാൻസിയിലെ തെരുവിൽ സന്തോഷ‌് അലഞ്ഞുതിരിയുന്നത‌് കണ്ട നാട്ടുകാരാണ‌് മാവോയി‌സ‌്റ്റ‌ാണെന്ന‌് സംശയം തോന്നി  തിൽഗാം പൊലീസിൽ വിവരമറിയിച്ചത‌്.

മാവോയിസ‌്റ്റ‌് പ്രവർത്തനം റിപ്പോർട്ട്‌ ചെയ്യപ്പെട്ട മേഖലയാണ്‌ മണ്ഡ്‌ല. ആയുധങ്ങളെയും യുദ്ധസാമഗ്രികളെയും കുറിച്ച്‌ തനിക്ക്‌ അറിയാമെന്ന‌് ഇയാൾ പറഞ്ഞതോടെ നാട്ടുകാരിൽ ദുരൂഹത വർധിച്ചു.  നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച‌് പൊലീസ‌് ഇയാളെ കസ‌്റ്റഡിയിലെടുത്തു. ആയുധങ്ങളുടെ ഉപയോഗം സംബന്ധിച്ച സാങ്കേതിക വശങ്ങൾ ഇയാൾ പൊലീസിനോടും പങ്കുവച്ചു. ഹിന്ദിയിലും മലയാളത്തിലുമായിരുന്നു സംസാരം. തുടർന്ന്‌ പൊലീസ്‌ മലായാളിയായ സിസ്റ്റർ മെഴ്‌സിയുടെ സഹായം തേടി.  ഇയാളോട‌് സംസാരിച്ചതിൽ നിന്ന‌്  പേരും ജോലിയും സംബന്ധിച്ച വിവരം ലഭിച്ചു. സിഗ്നൽ കോറിലെ സൈനികനായിരുന്നുവെന്നും 2006ൽ സിക്കിമിലാണ്‌ അവസാനം ജോലി ചെയ‌്തതെന്നും ഇയാൾ  പറഞ്ഞു. സ്വദേശം ആലപ്പുഴയാണെന്ന‌് മനസിലായതോടെ മണ്ഡ‌്‌ല എസ‌്പി രാകേഷ‌് കുമാർ സിങ്‌ കേരള പൊലീസുമായി ബന്ധപ്പെട്ട‌് മേൽവിലാസം മനസിലാക്കി.

അലഞ്ഞുതിരിഞ്ഞ്‌ പ്രാകൃതരൂപത്തിലായ സന്തോഷിനെ താടിയും മുടിയും വെട്ടി പുതിയ വസ്‌ത്രങ്ങൾ ധരിപ്പിച്ച ശേഷം ചിത്രങ്ങളെടുത്ത‌് പൊലീസ്‌ വീയപുരം പൊലീസിനും കുടുംബാംഗങ്ങൾക്കും അയച്ചു. ശനിയാഴ്‌ച സന്തോഷിന്റെ സഹോദരൻ സതീഷും ബന്ധുക്കളും മണ്ഡ്‌ലയിലെത്തി അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സഹോദരനെ തിരിച്ചറിഞ്ഞെങ്കിലും എങ്ങനെ മണ്ഡ്‌ലയിലെത്തിയെന്ന്‌ ഓർത്തെടുക്കാൻ സന്തോഷിന്‌ കഴിയുന്നില്ല. 

അന്നു തന്നെ കേരളത്തിലേക്ക‌് മടങ്ങിയ ഇവർ ഞായറാഴ‌്ചയാണ‌് നാട്ടിലെത്തിയത‌്. കൃഷ്ണൻകുട്ടിനായരാണ‌് സന്തോഷിന്റെ അച്ഛൻ. അമ്മ ലളിത. സഹോദരി സിന്ധു. പതിനാല്‌ വർഷങ്ങൾക്കു ശേഷമാണ്‌ നാട്ടിൽ എത്തുന്നതെങ്കിലും  കുടുംബവീടും ബന്ധുക്കളെയുമെല്ലാം തിരിച്ചറിയാൻ സന്തോഷിന‌് കഴിഞ്ഞതായി സഹോദരൻ സതീഷ്‌ കുമാർ ‘ദേശാഭിമാനി’യോട‌് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top