19 September Wednesday

കോതമംഗലം ടൗണിൽ ട്രാഫ‌ിക‌് സിഗ്നൽ ഏർപ്പെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


കോതമംഗലം
 ട്രാഫിക് നവീകരണത്തിന്റെ ഭാഗമായി ടൗണിൽ പി ഒ ജങ‌്നിലും, നേര്യമംഗലം പാലത്തിന് ഇരുവശവും ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. കോതമംഗലം ടൗണിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ‌്. തൊട്ടടുത്ത പട്ടണങ്ങളായ പെരുമ്പാവൂരിലും, മൂവാറ്റുപുഴയിലുമെല്ലാം സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ട് വർഷങ്ങളായെങ്കിലും ഹൈറേഞ്ചിന്റെ കവാടവും, നിരവധി വിനോദസഞ്ചാരികൾ കടന്നുപോകുന്ന പ്രദേശവുമായ കോതമംഗലത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. തിരക്കേറിയ പി ഒ ജങ‌്ഷനിലാണ‌് ഒരു സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നത്. അതുപോലെ സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയിൽ നേര്യമംഗലം പാലത്തിന്റെ വീതിക്കുറവുമൂലം ഗതാഗതതടസ്സം പതിവായിരുന്നു. ഇവിടെയും പാലത്തിന് ഇരുവശവും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്നും എംഎൽഎ പറഞ്ഞു. ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ പ്രവൃത്തി ആരംഭിച്ചതായും എത്രയും വേഗം ലൈറ്റുകൾ പ്രവർത്തിപ്പിക്കാനാകുമെന്നും, ഇതോടെ കോതമംഗലത്തെ നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നതെന്നും എംഎൽഎ പറഞ്ഞു. സർക്കാർ ഏജൻസിയായ കെൽട്രോണിനെയാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ആവശ്യമുള്ള സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നടപടി തുടർന്നും ഉണ്ടാകുമെന്നും എംഎൽഎ ആന്റണി ജോൺ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top