21 July Saturday

ചളിക്കുളമായി അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


അങ്കമാലി
കെഎസ്ആർടിസി ബസ്‌സ‌്റ്റാൻഡ‌ിൽ ചളിവെള്ളം നിറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ. കാലവർഷം ശക്തിപ്രാപിച്ചതോടെ സ്റ്റാൻഡിലുടനീളം വെള്ളക്കെട്ട് രൂക്ഷമായി. 

ടൈൽ പാകിയിട്ടുണ്ടെങ്കിലും ബസുകൾ കയറിയിറങ്ങിയുണ്ടായ കുഴിയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അതിവേഗം ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുമ്പോൾ യാത്രക്കാർ ചളിവെള്ളത്തിൽ മുങ്ങുന്നു.  യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്.

ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലി സ്റ്റാൻഡറിൽ ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവുമത്തെുന്നത്. കാലങ്ങളോളം വികസനം മുരടിച്ച സ്റ്റാൻഡിൽ വി എസ് സർക്കാരിന്റെ  കാലത്ത് 32 കോടി ചെലവിൽ ബഹുനിലസമുച്ചയം നിർമിച്ചു.  ഗതാഗതമന്ത്രിയായിരുന്ന ജോസ് തെറ്റയിലിന്റെ ഇടപെടലായിരുന്നു വികസനത്തിന് വഴിയൊരുക്കിയത്. എന്നാൽ, കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ബസ‌്‌സ‌്റ്റാൻഡിനെ അവഗണിച്ചു. അടിസ്ഥാനസൗകര്യങ്ങളോ യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണിയോ നടത്താതെ നശിപ്പിച്ചു.

വെള്ളക്കെട്ടുമൂലം സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ അടക്കമുള്ള യാത്രക്കാരാണ് കൂടുതലായും ക്ലേശിക്കുന്നത്. സെപ്ടിടാങ്കിലേക്കുള്ള മാലിന്യപൈപ്പുകൾ പലഭാഗത്തും പൊട്ടിയൊലിച്ച് വെള്ളക്കെട്ടിൽ ഒഴുകിയെത്തുന്നതിനാൽ ദുർഗന്ധവും രൂക്ഷമാണ്. ഈയിടെയായി സാമൂഹ്യവിരുദ്ധശല്യവുമേറിയിട്ടുണ്ട‌്. രണ്ടുമാസംമുമ്പ് അങ്കമാലി നഗരസഭയിലെ പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അങ്കമാലി സ്റ്റാൻഡ‌് സന്ദർശിച്ച് ശോച്യാവസ്ഥ നേരിട്ട് മനസ്സിലാക്കി. ഇതേത്തുടർന്ന് അടിയന്തര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം അനുവദിച്ചു. മഴ ശക്തി പ്രാപിക്കുന്നതിനുമുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, ഇതുവരെ  നടന്നിട്ടില്ല. സ്റ്റാൻഡിൻെറ ദുരിതാവസ്ഥ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

പ്രധാന വാർത്തകൾ
Top