25 September Tuesday

മുത്തൂറ്റ‌് ഫിൻകോർപ‌് ശാഖകൾ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018



കൊച്ചി
ലയനം എന്ന പേരിൽ മുത്തൂറ്റ് ഫിൻകോർപ‌് ശാഖകൾ പൂട്ടാനുള്ള മാനേജ‌്മെന്റ‌് നീക്കം ഉപേക്ഷിക്കണമെന്ന് തൃശൂരിൽ ചേർന്ന നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) മുത്തൂറ്റ് ഫിൻകോർപ‌് യൂണിറ്റ‌് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.

അടച്ചുപൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റി  ജോലിയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കമാണ‌് പുതിയ നടപടിക്കു പിന്നിലെന്ന‌് സംശയിക്കുന്നു.  ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളായതിനാൽ ദൂരെയുള്ള ശാഖകളിൽ പോയി ജോലിചെയ്യാൻ പറ്റാതെ ഉപേക്ഷിക്കേണ്ടിവരും.  മാനേജ്മെന്റ് കൈക്കൊള്ളുന്ന പരോക്ഷമായ പിരിച്ചുവിടൽ നടപടിയാണിത്. ഈ നീക്കം എന്തു വിലകൊടുത്തും ചെറുക്കാനും കൺവൻഷൻ തീരുമാനിച്ചു.

തൃശൂർ, എറണാകുളം റീജണുകളിലെ 18 ശാഖ മറ്റ‌് ശാഖകളുമായി ലയിപ്പിക്കുമെന്ന‌് കമ്പനി പരസ്യംചെയ‌്തിട്ടുണ്ട‌്. ഈ ശാഖകൾ നഷ്ടത്തിലാണെന്ന പ്രചാരണവും നടത്തുന്നു. പ്രാദേശികമായ താൽക്കാലിക പ്രശ്നങ്ങൾ, ശാഖയുടെ സ്ഥാനം, ഉയർന്ന കെട്ടിടവാടക എന്നിവയാണ് നഷ്ടത്തിന് കാരണം. ജീവനക്കാരുടെ പൂർണ സഹകരണത്തോടെ മാനേജ്മെന്റ്തലത്തിൽ മേൽനോട്ടം ശക്തമാക്കിയാൽ അടച്ചുപൂട്ടാൻ പോകുന്ന മിക്ക ശാഖകളും ലാഭത്തിലാക്കാം.

ലയനം അനിവാര്യമെങ്കിൽ അക്കാര്യം സംഘടനയെ ബോധ്യപ്പെടുത്തി ജീവനക്കാരുടെ താൽപ്പര്യം പരിഗണിച്ച‌് അടച്ചുപൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ തൊട്ടടുത്ത ശാഖകളിൽ വിന്യസിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു

സിഐടിയു സംസ്ഥാനകമ്മിറ്റി അംഗവും സംഘടനാ വൈസ് പ്രസിഡന്റുമായ എ സിയാവുദീൻ ഉദ‌്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിൻകോർപ‌് സബ് കമ്മിറ്റി കൺവീനർ ഷിജോയ് പോൾ വിഷയം അവതരിപ്പിച്ചു. സന്തോഷ് ആന്റണി, സോജൻ ഔസേഫ്,
സി ജെ ജിജേഷ്, എൻ കെ ജോബി, പി വി ജിജോ, സി എസ‌് ദീപക‌് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top