17 November Saturday

മുൻഗണനേതര റേഷൻ കാർഡുകാർക്കും സൗജന്യ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


തിരുവനന്തപുരം
മുൻഗണനേതര വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ‌് ഉള്ളവർക്കും മെഡിക്കൽ കോളേജ‌് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉറപ്പാക്കി സംസ്ഥാന സർക്കാർ. റേഷൻ കാർഡിലെ മാറ്റങ്ങൾ രോഗികൾക്ക‌് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി പരിഹരിക്കാനാണ‌് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ  ഉത്തരവിറക്കിയത‌്.

മുൻകാലങ്ങളിൽ മെഡിക്കൽ കോളേജ‌് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കാൻ ബിപിഎൽ കാർഡുകൾ ഉപയോഗിച്ചിരുന്നു. 2013ൽ ഭക്ഷ്യഭദ്രതാനിയമം വന്നതോടെ ബിപിഎൽ കാർഡുകൾ അസാധുവായി. പകരം അന്ത്യോദയ അന്ന യോജന, മുൻഗണന, മുൻഗണനേതര വിഭാഗം, പൊതുവിഭാഗം എന്നിങ്ങനെ റേഷൻ കാർഡുകൾ തരം തിരിച്ചു.

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്ത ഗുരുതരരോഗം ബാധിച്ചവർക്ക‌് ചികിത്സാ ആവശ്യങ്ങൾക്ക‌് ഉപയോഗിക്കാൻ റേഷൻ കാർഡിൽ ‘സ‌്റ്റേറ്റ‌് പ്രയോറിറ്റി’ എന്ന‌് അടയാളപ്പെടുത്താൻ അനുമതി നൽകിയിരുന്നു. ബിപിഎൽ കാർഡുകൾ ഇല്ലാതായതോടെ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന‌് പരാതി ഉയർന്നു. തുടർന്ന‌്, അന്ത്യോദയ, അന്നയോജന, മുൻഗണന വിഭാഗങ്ങളിലെ റേഷൻ കാർഡ‌് അംഗങ്ങൾക്ക‌് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കണം എന്ന‌് സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്നും ചിലയിടങ്ങളിൽനിന്ന‌്  പരാതികൾ തുടർന്നു.
ഈ സാഹചര്യത്തിലാണ‌് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ‌് ഇറക്കിയത‌്. ഗുരുതര രോഗം ബാധിച്ചിട്ടുള്ള മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെടുന്ന അംഗങ്ങൾക്ക‌് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന‌് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനായി ‘സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയ്ക്ക‌് അർഹനാണ‌്’ എന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖ നേടണമെന്നും ഉത്തരവിൽ പറയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top