15 November Thursday

ദിൽഷയ്ക്കായി അവർ കൊട്ടി; ജീവന്റെ മേളം

ടി പി സുന്ദരേശൻUpdated: Tuesday Jun 12, 2018

ശസ്‌ത്രക്രിയയ്‌ക്ക്‌ സമാഹരിച്ച തുക വി പി മോഹൻലാൽ ദിൽഷയുടെ അച്ഛൻ തോമസിന്‌ കൈമാറുന്നു



ചേർത്തല
തലച്ചോറിൽ അപൂർവരോഗം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ധനസമാഹരണത്തിനായി തെരുവിൽ ശിങ്കാരിമേളം. ചേർത്തല തെക്ക‌്പഞ്ചായത്തിലെ ഒന്നരവയസുകാരി ദിൽഷയുടെ ചികിത്സക്കായാണ‌് യുവാക്കളുടെ ചെണ്ടവാദ്യസംഘം തെരുവിൽ ശിങ്കാരിമേളം അവതരിപ്പിച്ച‌്ത‌്. ഉത്സവങ്ങൾ ഉൾപ്പെടെ കൊഴുപ്പേകുന്ന ശിങ്കാരിമേളം കാരുണ്യത്തിനായി കൊട്ടിയപ്പോൾ മൂന്ന് ദിവസത്തിനകം സമാഹരിച്ചത് 1.40 ലക്ഷം രൂപ.

പഞ്ചായത്ത് 19ാം വാർഡിൽ അർത്തുങ്കൽ അരേശേരിൽ തോമസ്‐ഡിന്നു ദമ്പതികളുടെ ഏകമകളാണ‌് ദിൽഷ. ദിൽഷയുടെ ശസ‌്ത്രക്രിയക്കായി ചേർത്തലയിലെ ചെണ്ടമേള സംഘമായ ‘ശ്രീവിനായക ചുള്ളൻസ്' ആണ് ശിങ്കാരിമേളം അവതരിപ്പിച്ചത‌്.  പിറന്ന് അഞ്ച് ദിവസത്തിനകം ദിൽഷയുടെ തലച്ചോറിൽ അത്യപൂർവ രോഗബാധ കണ്ടെത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ‌്തു. ഇതിനായി അഞ്ച് ലക്ഷത്തോളം ചെലവായി.

വിവാഹം കഴിഞ്ഞ് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കൺമണിയുടെ ജീവൻ രക്ഷിക്കാൻ മത്സ്യത്തൊഴിലാളിയായ തോമസും കുടുംബവും സർവതും വിറ്റുപെറുക്കി കടക്കെണിയിലായി. അതിനിടെ വീണ്ടുമൊരു ശസ്ത്രക്രിയക്ക‌്  ഡോക‌്ടർമാർ പറഞ്ഞതോടെ തോമസും കുടുംബവും നിസ്സഹായരായി.

നാട്ടുകാരുടെ സഹായം കൊണ്ടാണ‌് ഒന്നരലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധന നടത്തിയത‌്. തുടർന്നാണ‌് കുടുംബത്തെ സഹായിക്കാൻ ‘ശ്രീവിനായക ചുള്ളൻസ്' രംഗത്തെത്തിയത‌്. 24 പേരടങ്ങുന്ന വാദ്യസംഘവും സുഹൃത്തുക്കളുംകലവൂർ, മണ്ണഞ്ചേരി, മുഹമ്മ, ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, തുറവൂർ, എരമല്ലൂർ, അരൂർ എന്നിവിടങ്ങളിൽ തെരുവിൽ മൂന്ന് ദിവസങ്ങളിലായി ശിങ്കാരിമേളം അവതരിപ്പിച്ചു.  മൂന്ന് ദിവസങ്ങളിലായി 1.05 ലക്ഷം രൂപ ബക്കറ്റിൽ ലഭിച്ചു. പ്രവാസികളായ സുഹൃത്തുക്കൾ ബാങ്ക് അക്കൗണ്ടിലേക്ക് 35000 രൂപയും എത്തിച്ചു.

  അർത്തുങ്കൽ അരേശേരിൽ വീട്ടിൽ നടന്ന ചടങ്ങിൽ ചേർത്തല സിഐ വി പി മോഹൻലാൽ ദിൽഷയുടെ അച്ഛൻ തോമസിന് തുക കൈമാറി.  'വിനായക ചുള്ളൻസ്' മാനേജർ അമൽ, പരിശീലകൻ സാനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാരുണ്യ പ്രവർത്തനം.

പ്രധാന വാർത്തകൾ
Top