19 January Saturday

ആരവമാകാൻ പഞ്ചമിപ്പാവ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


കൊച്ചി
അക്ഷരമധുരം നുകരാൻ അയ്യങ്കാളിക്കൊപ്പം ഊരൂട്ടമ്പലം സ്‌കൂളിലേക്കെത്തിയ അവർണബാലിക പഞ്ചമിയെ ഓർമയില്ലേ...? സ്‌കൂൾപ്രവേശനത്തിന് അനുമതിയുണ്ടായിട്ടും ജാതിഭ്രാന്തിന്റെയും ജന്മിത്വത്തിന്റെയും ജീർണതയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ബാലിക. അധഃസ്ഥിതവർഗത്തിന് വിദ്യാലയത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകസമരത്തിന് (ആദ്യ പണിമുടക്ക്) പ്രചോദനമായ പഞ്ചമി. സമ്പത്തിന്റെയും കൈയൂക്കിന്റെയും ബലത്തിൽ അക്ഷരമോഹങ്ങളെ തല്ലിക്കെടുത്താനാകില്ലെന്ന് ഉറക്കെപ്രഖ്യാപിച്ച പഞ്ചമി  ‘ആർപ്പോ ആർത്തവ’ത്തിലും ഓർമിക്കപ്പെടുകയാണ്. ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് 12,13 തീയതികളിൽ എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിക്കുന്ന ആർപ്പോ ആർത്തവത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് പഞ്ചമിയുടെ ഓർമയിൽജനിച്ച പഞ്ചമിപ്പാവകളാണ്.

കലാകക്ഷിയാണ് പഞ്ചമിപ്പാവ എന്ന ആശയം മുന്നോട്ടുവച്ചത്. ആശയം എല്ലാവർക്കും സ്വീകാര്യമായതോടെ പഞ്ചമിപ്പാവയുടെ നിർമാണം തുടങ്ങി. വിവിധ നിറത്തിലുള്ള നൂലുകൾ ഉപയോഗിച്ചാണ് നിർമാണം. ആദ്യം കലാകക്ഷിയിലെ അംഗങ്ങൾ മാത്രമായിരുന്നു പാവനിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. നിർമാണത്തെക്കുറിച്ച് കലാകക്ഷിയംഗങ്ങൾ വിശദീകരിച്ചതോടെ ആർപ്പോ ആർത്തവുമായി സഹകരിക്കുന്ന നിരവധിപേർ പഞ്ചമിപ്പാവ നിർമാണത്തിനെത്തി. കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർ പാവനിർമാണവുമായി സഹകരിച്ചു. ആർപ്പോ ആർത്തവത്തിന്റെ ഭാഗമായി ഏലൂർ എസ്ബിഎസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച ആർട്ടവം ക്യാമ്പിൽ പങ്കെടുത്ത 60 ഓളം വിദ്യാർഥികളും പഞ്ചമിപ്പാവ നിർമിച്ചു. ഈ പാവകൾ ആർപ്പോ ആർത്തവത്തിനെത്തുന്നവർക്ക‌് വാങ്ങാം.  50 രൂപയാണ് വില. പ്രളയത്തെ അതിജീവിച്ച‌്  ചേറിൽ ജനിച്ച ചേക്കുട്ടിക്ക് പിന്നാലെയെത്തുന്ന പഞ്ചമിപ്പാവയെയും കേരളം ഹൃദയത്തിലേറ്റുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


പ്രധാന വാർത്തകൾ
Top