Top
22
Monday, January 2018
About UsE-Paper

ആരും ലെവി നല്‍കേണ്ട ;സവിശേഷം ഈ പാര്‍ടി ബ്രാഞ്ചിന്റെ വിശേഷം

Friday Jan 12, 2018
ആര്‍ ശിവപ്രസാദ്

ചാരുംമൂട് > അംഗങ്ങള്‍ സിപിഐ എം ഭരണഘടനാപ്രകാരമുള്ള ലെവി നല്‍കേണ്ടാത്ത ഒരു ബ്രാഞ്ചേ കേരളത്തിലുള്ളൂ. ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ ആശുപത്രിയായ നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ച്. പതിനഞ്ച് അംഗങ്ങളില്‍ കൂടിയാല്‍ ബ്രാഞ്ച് പുനഃസംഘടിപ്പിക്കണമെന്ന വ്യവസ്ഥയും ബാധകമല്ല. 20 അംഗങ്ങളുണ്ട്. നിലവില്‍ ബി ജയചന്ദ്രനാണ് സെക്രട്ടറി. 162 അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും സിപിഐ എം അനുഭാവികളാണ്.

സാനിട്ടോറിയം ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രന്‍സാനിട്ടോറിയം ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രന്‍
വര്‍ഷങ്ങള്‍ക്കുമുമ്പേ പാര്‍ടി ഇവിടെ ലെവി ഒഴിവാക്കിയതാണ്. വരിസംഖ്യയായി രണ്ടുരൂപ മാത്രം നല്‍കിയാല്‍ മതി. ദേശാഭിമാനി പത്രമുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും സൌജന്യം. 1400 അന്തേവാസികള്‍വരെയുണ്ടായിരുന്ന സാനിട്ടോറിയത്തില്‍ ഇരുനൂറിനടുത്ത് സിപിഐ എം അംഗങ്ങളുണ്ടായിരുന്നു. നേതാക്കളുടെ രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടിങ്ങും അംഗങ്ങളുടെ വിശദമായ ചര്‍ച്ചയുമൊക്കെയുണ്ടായിരുന്നു.

സമൂഹം ഭീതിയും വെറുപ്പും കലര്‍ത്തി കുഷ്ഠരോഗികളെ അകറ്റിയ കാലത്ത് സാനിട്ടോറിയത്തില്‍ ഇവരെ കാണാന്‍ എത്തിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ മാത്രമായിരുന്നു. ഇടതുപക്ഷചിന്തകള്‍ ഇവിടെ വേരോടാന്‍ അത് കാരണമായി. 1936ലാണ് സാനിട്ടോറിയം സ്ഥാപിച്ചത്. സ്വാതന്ത്യ്രസമര സേനാനിയും പിന്നീട് കമ്യൂണിസ്റ്റ് നേതാവുമായ നാഗര്‍കോവില്‍ സ്വദേശി ഇളങ്കോവന്‍ 1946ല്‍ ഇവിടെ അന്തേവാസിയായി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇളങ്കോവന് കുഷ്ഠരോഗമുണ്ടെന്ന് കണ്ടെത്തിയതോടെ നൂറനാട് സാനിട്ടോറിയത്തില്‍ ജയില്‍ നിര്‍മിച്ച് മാറ്റുകയായിരുന്നു.

പാര്‍ടി നിര്‍ദേശമനുസരിച്ച് അന്ന് പാര്‍ടി കായംകുളം ഡിവിഷന്‍ സെക്രട്ടറിയായിരുന്ന തോപ്പില്‍ ഭാസി സാനിട്ടോറിയത്തില്‍ എത്തി ഇളങ്കോവന്റെ സ്ഥിതി ആരായുമായിരുന്നു. ഈ ബന്ധം ക്രമേണ മറ്റ് അന്തേവാസികളിലേക്കും വളര്‍ന്നു. കുഷ്ഠരോഗികളുടെ ദൈന്യത തിരിച്ചറിയാന്‍ തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ളവര്‍ക്കായി. ഇതിന്റെ പ്രതിഫലനമാണ് തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ 'അശ്വമേധം' നാടകം. ഇത് സിനിമയാക്കിയപ്പോള്‍ ഏറിയ ഭാഗം ചിത്രീകരിച്ചതും സാനിട്ടോറിയം വളപ്പില്‍ത്തന്നെ.
ഇ എം എസ്, എം എന്‍ ഗോവിന്ദന്‍നായര്‍, സി അച്യുതമേനോന്‍, എന്‍ ശ്രീധരന്‍, ശങ്കരനാരായണന്‍തമ്പി, കാമ്പിശ്ശേരി കരുണാകരന്‍, ചാമവിള കേശവപിള്ള തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍ ഇവിടെ സന്ദര്‍ശകരായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ അന്തേവാസികളില്‍ ഭൂരിപക്ഷവും സിപിഐ എമ്മിനൊപ്പമായി. 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് അന്തേവാസികള്‍ക്ക് വോട്ടവകാശം നല്‍കിയത്. ഇവര്‍ക്ക് മാത്രമായി ബൂത്തും ഇവിടെയുണ്ട്.