Top
23
Thursday, February 2017
About UsE-Paper

അനീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


കൊച്ചി >  സാമൂഹ്യ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ഥനയ്ക്കു മുന്നില്‍  യുഎഇ ആശുപത്രി അധികൃതര്‍ കനിഞ്ഞു. ഒരാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, യുഎഇയില്‍ മരിച്ച യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കാന്‍ നടപടിയായി. തേവര മാളിയേക്കല്‍ ശശിധരന്റെയും ഉഷയുടെയും മകന്‍ എം എസ് അനീഷി (34)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഷാര്‍ജ-കൊച്ചി എയര്‍ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുക. അനീഷിനെ ചികില്‍സിച്ച ആശുപത്രി ബില്ല് അടയ്ക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം മൂലമാണ് മൃതദേഹം എത്തിക്കാന്‍ വൈകിയത്.

ഷിപ്യാര്‍ഡിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന അനീഷ് 2015 ഫെബ്രുവരിയിലാണ്  ജോലി തേടി യുഎഇയിലെ  ഉംഅല്‍ ക്വൈയിനിലേക്ക് പോയത്. അവിടെ ഒരു ബന്ധു നടത്തിയിരുന്ന ഹോട്ടലിലായിരുന്നു ജോലി. ജോലിക്കിടെ ക്രിസ്മസ് ദിനത്തിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ജനുവരി നാലിന് വൈകിട്ട് മൂന്നരയോടെ മരിച്ചെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഉംഅല്‍ ക്വൈയിനിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് വിട്ടുനല്‍കണമെങ്കില്‍ ചികില്‍സാച്ചെലവായി 12 ലക്ഷം രൂപയോളം നല്‍കണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാലു ലക്ഷത്തോളം രൂപ വേറെയും ചെലവാകും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന അനീഷിന്റെ കുടുംബത്തിന് ഈ തുക താങ്ങാനാവുമായിരുന്നില്ല.

സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ മുന്‍ കൌണ്‍സിലര്‍ പി ആര്‍ റെനീഷിന്റെ നേതൃത്വത്തില്‍ യുഎഇയിലെ മലയാളി അസോസിയേഷനുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു.  മലയാളി അസോസിയേഷന്‍ ഭാരവാഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശേരിയുടെയും അനീഷിന്റെ സുഹൃത്തുക്കളുടെയും ശ്രമഫലമായി ചികില്‍സാച്ചെലവ് പൂര്‍ണമായും ഇളവുചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു. യുഎഇയിലെ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ബിജു സോമനാണ് മൃതദേഹം എംബാം ചെയ്യുന്നതിനും വിമാനടിക്കറ്റിനുമുള്ള തുക നല്‍കിയത്. അനീഷിന്റെ ബന്ധു സുരേഷും ഒപ്പം വരുന്നുണ്ട്.
സ്മിതയാണ് അനീഷിന്റെ ഭാര്യ. മൂന്നു വയസ്സുകാരി ആവണി മകളാണ്. ഡിവൈഎഫ്ഐ ചക്കാലയ്ക്കല്‍ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു അനീഷ്.