Top
23
Tuesday, January 2018
About UsE-Paper

പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടാകരുത്: മുഖ്യമന്ത്രി

Monday Dec 11, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > തീരദേശത്തുണ്ടായ ദുരന്തത്തിന്റെ ഈ ഘട്ടത്തില്‍ വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്നപരിഹാരം അസാധ്യമാക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ 20-ാം വാര്‍ഷികവും നാലാം മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറെ ദുഃഖകരമായ അവസ്ഥയാണുണ്ടായത്. എന്നാല്‍, അതിനെ വൈകാരികമായി മാത്രം കണ്ടാല്‍പോരാ. പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അത് ചെയ്തില്ലെങ്കില്‍ അതു ചെയ്യാന്‍ മറ്റൊരു ഘട്ടമുണ്ടാകില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിച്ചെടുക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത്. ദുരന്തവേളകളെപ്പോലും മനുഷ്യത്വരഹിതമായി ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരുതരത്തില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല എന്നറിയണം.

ദുരന്തവേളയില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാംചെയ്തു. എന്നിട്ടും ഒട്ടേറെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടനവധിപേരുടെ ജീവന്‍ രക്ഷിക്കാനായി. ചിലര്‍ കൈവിട്ടുപോയി. തീരങ്ങളിലെ കണ്ണീരൊപ്പണം. അവര്‍ക്ക് ആശ്വാസം എത്തിച്ചുകൊടുക്കണം. ഈ സമയത്ത് പങ്കുവയ്പിന്റെ മനോഭാവമാണ് നാം പുലര്‍ത്തേണ്ടത്. അതിനായി പുനരര്‍പ്പണം ചെയ്യേണ്ട സന്ദര്‍ഭമാണിത്. ഈ ഘട്ടത്തില്‍ കണ്ണീര്‍ സ്വാഭാവികമാണ്. എന്നാല്‍, ആ കണ്ണീര്‍കൊണ്ട് മുന്നിലുള്ള വഴി കാണാതാകുന്ന അവസ്ഥ ഉണ്ടാകരുത്. ആശ്വാസവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണം.

ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഫലപ്രദമായാണ് ഇടപെടുന്നത്. 1843 കോടിയുടെ അധികസഹായം ആവശ്യപ്പെട്ടുള്ള നിവേദം കേന്ദ്ര ആഭ്യന്തരമന്ത്രിക്കു നല്‍കി. പ്രതിരോധമന്ത്രിയെയും കണ്ടു. ആവശ്യമായ നടപടി സ്വീകരിക്കും എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന തെരച്ചില്‍ 10 ദിവസംകൂടി തുടരും. ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ച് തെരച്ചില്‍ തുടരും. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘത്തെ അയക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ 300 കോടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാറ്റടിക്കുമെന്ന അറിയിപ്പ് ലഭിച്ചയുടന്‍ തീരത്തിനു 100 മീറ്റര്‍ അടുത്തു താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 8556 പേര്‍ അവിടങ്ങളിലെത്തി. സമയബന്ധിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിനു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ആദ്യദിവസം 400 തൊഴിലാളികളെയാണ് രക്ഷിച്ചത്. ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. 1200 മലയാളികളുടേതടക്കം 2600 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു രണ്ട് മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും മുന്നിലുണ്ടായിരുന്നു.

ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ആകാവുന്നത്ര താങ്ങ് സര്‍ക്കാര്‍ നല്‍കും. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനു 20 ലക്ഷം രൂപയും ഇനി തൊഴിലെടുക്കാന്‍ കഴിയാത്തവരുടെ പുനരധിവാസത്തിന് അഞ്ചുലക്ഷംരൂപയും നല്‍കും. ദുരിതാശ്വാസ പാക്കേജ് പൊതുവെ ആശ്വാസകരമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ മാധ്യമങ്ങളടക്കം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. സിഎസ്എസ് ചെയര്‍മാന്‍ പി എജോസഫ് സ്റ്റാന്‍ലി അധ്യക്ഷനായി.

Related News

കൂടുതൽ വാർത്തകൾ »