21 November Wednesday

പ്രളയം: ഗൃഹോപകരണങ്ങള്‍ വാങ്ങാൻ ഡിസ്‌കൗണ്ട് പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

തൃശൂർ
പ്രളയത്തിൽ  ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് കുറഞ്ഞനിരക്കിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന ഡിസ്കൗണ്ട് കാർഡ് പദ്ധതിക്ക് തുടക്കം. പ്രളയത്തിൽപ്പെട്ട കുടുംബങ്ങളിൽ കുടുംബശ്രീ അംഗങ്ങൾക്ക് അയൽക്കൂട്ടങ്ങൾ വഴി ഒരു ലക്ഷം രൂപ വരെ പുനർനിർമാണ വായ്പ ലഭ്യമാക്കിയിരുന്നു. ഇതുലഭിച്ചവർക്ക് നിലവിലുള്ള മാർക്കറ്റ് വിലയിൽനിന്നും ചുരുങ്ങിയത് 40 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഗൃഹോപകരണങ്ങളും മറ്റു അനുബന്ധ വസ്തുക്കളും ലഭ്യമാക്കാനാണ്  ഡിസ്കൗണ്ട് കാർഡുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടിയിൽ മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. ജില്ലയിലെ 12 അയൽക്കൂട്ടങ്ങൾക്ക് ഡിസ്കൗണ്ട് കാർഡ് നൽകി. ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന ഉപകരണങ്ങളുടേയും കമ്പനികളുടേയും വിശദാംശങ്ങൾ അടങ്ങിയ ബ്രോഷർ ബി ഡി ദേവസി എംഎൽഎ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മന്ത്രി  വി എസ് സുനിൽകുമാർ അധ്യക്ഷനായി.  

പ്രളയത്തിൽ ദുരിതം ബാധിച്ച പാവപ്പെട്ട കുടുംബങ്ങൾക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണീ പദ്ധതി നടപ്പാക്കുന്നത്. ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ ബാങ്കുകളുമാണ് വായ്പകൾ നൽകുന്നത്. തെരഞ്ഞെടുത്ത 22 കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ ഡീലർമാരും അംഗീകൃത സ്ഥാപനങ്ങളും വഴി ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകും.

സംസ്ഥാനത്ത് 22,736 അയൽക്കൂട്ടങ്ങളിൽനിന്നും 1,43,002 കുടുംബങ്ങൾ വായ്പക്ക് അപേക്ഷിച്ചു. 4231 അയൽക്കൂട്ടങ്ങളിൽനിന്നായി  25,974  കുടുംബങ്ങൾക്കായി ഇതുവരെ 205.18  കോടി ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കി. തൃശൂർ ജില്ലയിൽ 4360 അയൽക്കൂട്ടങ്ങൾ മുഖേന 23967 പേർ അപേക്ഷ നൽകിയതിൽ 1597 അയൽക്കൂട്ടങ്ങളിലെ 9255 പേർക്ക് 69.63 കോടി രൂപ ഇതിനോടകം വായ്പ നൽകി.

പ്രളയബാധിതരായ ഗുണഭോക്താക്കൾ തന്നെയാണ് ഉൽപ്പന്നങ്ങൾ വാങ്ങാൻ കമ്പനിയെ സമീപിക്കുന്നതെന്ന് കുടുംബശ്രീ മിഷൻ ഉറപ്പാക്കും. ഇതിനായി കുടുംബശ്രീ സിഡിഎസ് മുഖേന ഹോളോഗ്രാം പതിച്ച ഡിസ്കൗണ്ട് കാർഡ് ഗുണഭോക്താക്കൾക്ക് നൽകും. ഇത് ലഭിക്കുന്നതിന് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. ഡിസ്കൗണ്ട് കാർഡിൽ ഫോട്ടോപതിച്ച് കുടുംബശ്രീ സിഡിഎസ് സാക്ഷ്യപ്പെടുത്തും. ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ഒരു ഗുണഭോക്താവിന് രണ്ടു ടി വി വാങ്ങാനാവില്ല. ഉൽപ്പന്നം വാങ്ങിയശേഷം കാർഡിൽ വാങ്ങിയ ഉൽപ്പന്നത്തിന്റെ വിവരങ്ങൾ ഡീലർമാർ രേഖപ്പെടുത്തും. ഉൽപ്പന്നങ്ങൾ വാങ്ങിയശേഷം കാർഡ് കുടുംബശ്രീയെ തിരിച്ചേൽപ്പിക്കണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top