21 November Wednesday

തോട്ടംമേഖലയെ സംരക്ഷിക്കാൻ വാണിജ്യമിഷൻ രൂപീകരിക്കും: ഇ പി

വെബ് ഡെസ്‌ക്‌Updated: Sunday Nov 11, 2018

കൊച്ചി
സംസ്ഥാനത്തെ തോട്ടം മേഖലയെ സംരക്ഷിക്കാൻ വാണിജ്യമിഷൻ രൂപീകരിക്കുമെന്ന‌് മന്ത്രി ഇ പി ജയരാജൻ. മൂന്നു മാസത്തിനുള്ളിൽ ഇതിന‌് നടപടി പൂർത്തിയാക്കും. ഐഎഎസ‌് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും മിഷൻ. തോട്ടം മേഖല വ്യവസായ വകുപ്പിനു കീഴിലേക്ക‌് കൊണ്ടുവരാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരിക്കുകയാണെന്നും അതിന‌് ക്രമീകരണങ്ങൾ ചെയ‌്തു വരികയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. അസോസിയേഷൻ ഓഫ‌് പ്ലാന്റേഴ‌്സ‌് ഓഫ‌് കേരള 79–-ാമത‌് വാർഷിക പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന‌് തൊഴിലാളികളുള്ള വലിയ സംഘടിത മേഖലയാണ‌് കേരളത്തിലെ തോട്ടം മേഖല. തേയില, റബർ, കാപ്പി, ഏലം എന്നീ തോട്ടവിളകൾ കേരളത്തിൽ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്നതാണ‌്. എന്നാൽ ഇവയൊക്കെ ഇന്ന‌് കടുത്ത പ്രതിസന്ധി നേരിടുന്നു. ഇതിന‌് പരിഹാരം കാണാൻ തോട്ടം മേഖല വ്യവസായ അധിഷ‌്ഠിതമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിദേശരാജ്യങ്ങളിലും  ഇന്ത്യയിലും വിപണി കണ്ടെത്തുകയാണ‌് ലക്ഷ്യം. ഇതിനുവേണ്ടി സ്വകാര്യമേഖലയിലെ വ്യവസായങ്ങളെയും പ്രോൽസാഹിപ്പിച്ച‌് ഉൽപ്പാദനമേഖല ശക‌്തിപ്പെടുത്തുകയാണ‌് സർക്കാർ നയം. ശാസ‌്ത്ര സാങ്കേതികമേഖലയിലെ എല്ലാ സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കും. രൂപയ‌്ക്ക‌് മൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ,  യൂറോപ്യൻ രാജ്യങ്ങളിലേക്ക‌് കയറ്റുമതി ഉണ്ടായിരുന്നെങ്കിൽ വൻനേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു.

തോട്ടംമേഖല സംരക്ഷിക്കുന്നതിന‌് സൗകര്യങ്ങൾ ഒരുക്കാൻ ഭൂമിയും വെള്ളവും വൈദ്യുതിയും വളരെ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയാണെന്ന‌് മന്ത്രി പറഞ്ഞു. അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ‌്കോളർഷിപ്പിന്റെ വിതരണവും മന്ത്രി നിർവഹിച്ചു. തോട്ടം മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ വളരെ മികച്ച പ്രവർത്തനമാണ‌് നടത്തിയതെന്ന‌് ചടങ്ങിന‌് സ്വാഗതം ആശംസിച്ച അസോസിയേഷൻ ചെയർമാൻ തോമസ‌് ജേക്കബ‌് പറഞ്ഞു. നികുതി എടുത്തു കളഞ്ഞതും റബർ മരങ്ങൾ വെട്ടുന്നതിനുള്ള സീനിയറേജ‌് നീക്കിയതും റബർ തോട്ടങ്ങളിൽ പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന‌് സാമ്പത്തിക സഹായത്തിന‌് നടപടികൾ സ്വീകരിച്ചതും വളരെയധികം സഹായമായെന്ന‌് അദ്ദേഹം പറഞ്ഞു.  ഉപാസി പ്രസിഡന്റ‌് എ ഇ ജോസഫ‌് അധ്യക്ഷനായി. അസോസിയേഷൻ വൈസ‌് ചെയർമാൻ ബി പി കരിയപ്പ, സെക്രട്ടറി ബി കെ അജിത‌് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top