Top
18
Saturday, November 2017
About UsE-Paper

പൈപ്പ് തകര്‍ന്നു; എടയാറില്‍ ജലവിതരണം മുടങ്ങി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ആലങ്ങാട് > മുപ്പത്തടം ജലശുദ്ധീകരണശാലയില്‍നിന്ന് എടയാര്‍ മേഖലയിലേക്കുള്ള ശുദ്ധജലവിതരണ പൈപ്പ് തകര്‍ന്നു. എടയാര്‍ മേഖലയിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചു. ജലപ്രവാഹത്തില്‍ മുപ്പത്തടം കവലയും വായനശാലാ റോഡും വെള്ളക്കെട്ടിലായി.

വ്യാഴാഴ്ച രാത്രിയാണ് മുപ്പത്തടം കവലയിലൂടെ കടന്നുപോകുന്ന പൈപ്പ് തകര്‍ന്നത്. ജലശുദ്ധീകരണശാലയില്‍നിന്ന് എടയാറിലേക്ക് നേരിട്ട് വെള്ളം പമ്പുചെയ്യുന്ന 160 എംഎം കോണ്‍ക്രീറ്റ് പൈപ്പാണ് തകര്‍ന്നത്. വ്യാവസായിക മലിനീകരണംകാരണം ഭൂഗര്‍ഭജലംപോലും ഉപയോഗയോഗ്യമല്ലാത്ത എടയാറില്‍ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ സൌജന്യമായി വിതരണംചെയ്യുന്ന കുടിവെള്ളമാണ് ഇതോടെ നിലച്ചത്.

മരത്തിന്റെ വേരിനിടയില്‍ കുരുങ്ങി കാലപ്പഴക്കംചെന്ന കോണ്‍ക്രീറ്റ് പൈപ്പ് പൊട്ടുകയായിരുന്നു. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് പാഴായത്. വൈകിട്ടോടെ തകരാര്‍ പരിഹരിച്ചെങ്കിലും ജലവിതരണം പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. കോടതിയുടെ നിര്‍ദേശപ്രകാരം ബിനാനി സിങ്കാണ് കുടിവെള്ളത്തിന്റെ ചെലവ് വഹിക്കുന്നത്. കമ്പനി അടച്ചുപൂട്ടിയെങ്കിലും കുടിവെള്ളവിതരണം ഇപ്പോഴും സൌജന്യമായി നല്‍കുന്നുണ്ട്. ഇതിനിടെ അടച്ചുപൂട്ടിയ ബിനാനി കമ്പനിയിലേക്കുള്ള പ്രത്യേക കുടിവെള്ള കണക്ഷന്‍ വെള്ളിയാഴ്ച വിച്ഛേദിച്ചു. ആറു ലക്ഷത്തോളം രൂപ വെള്ളക്കരത്തില്‍ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നടപടി.