Top
20
Monday, November 2017
About UsE-Paper

സോളാര്‍ റിപ്പോര്‍ട്ട് : തെളിവില്ലെന്ന വാദം വിചിത്രം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 തിരുവനന്തപുരം > സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് തെളിവില്ലെന്ന ദുര്‍ബലവാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സരിതയുടെ കത്തില്‍ പറഞ്ഞ വാദങ്ങള്‍ ആവര്‍ത്തിക്കുകമാത്രമാണ് കമീഷന്‍ ചെയ്തതെന്നും കണ്ടെത്തലുകള്‍ക്ക് തെളിവില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, കത്തില്‍ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്ന നിഗമനങ്ങളാണ് തെളിവുസഹിതം കമീഷന്‍ മുന്നോട്ടുവയ്ക്കുന്നത്്.

കേസിന്റെ ആരംഭത്തില്‍ നിഷേധിച്ച പല കാര്യങ്ങളും പിന്നീട് ഉമ്മന്‍ചാണ്ടിക്ക് സമ്മതിക്കേണ്ടിവന്നു. ആരോപണം ഉയര്‍ന്നസമയത്ത് സരിതയെ അറിയില്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കടപ്ളാമറ്റത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ പടം പുറത്തുവന്നപ്പോഴും സരിതയെ അറിയില്ലെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. ഇത് അദ്ദേഹം നിയമസഭയിലും ആവര്‍ത്തിച്ചു. കമീഷനുമുന്നില്‍ ഹാജരായപ്പോള്‍ തെളിവുസഹിതം ചോദ്യങ്ങള്‍ വന്നപ്പോള്‍ അറിയാമെന്ന് സമ്മതിച്ചു. ബിജു രാധാകൃഷ്ണന്‍ വിശദീകരിച്ചപ്പോഴാണ് ആളെ തനിക്ക് തിരിച്ചറിയാനായതെന്നാണ് മാധ്യമപ്രവര്‍ത്തകള്‍ക്ക് നല്‍കിയ മറുപടി.

2011 മുതലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് സരിതയെ പരിചയമുണ്ട് എന്നതിന്റെ തെളിവുകള്‍ കമീഷന്‍ അക്കമിട്ടുനിരത്തി. വിവിധ മണ്ഡലങ്ങളില്‍ സോളാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രിമാരെ തരപ്പെടുത്തി നല്‍കിയത് ജോപ്പനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാര്‍ക്ക് ജോപ്പന്‍വഴി തുല്യമായ തുക നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു. ജോപ്പന് സ്വന്തമായി മന്ത്രിമാരെ തരപ്പെടുത്തിക്കൊടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവശര്‍മ കമീഷന് മൊഴിനല്‍കി. മല്ലേലി ശ്രീധരന്‍നായരെ കണ്ടകാര്യം ആദ്യം പുറത്തുവന്നപ്പോഴും അദ്ദേഹം അത് നിഷേധിച്ചു. പിന്നീട് തെളിവുസഹിതം ചോദ്യം വന്നപ്പോള്‍ അക്കാര്യവും സമ്മതിച്ചു. ഇതും റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ സ്വതന്ത്രസാക്ഷി ജയില്‍മേധാവിയായിരുന്ന ഡോ. അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ മൊഴിയില്‍ സരിതയെ പതനംതിട്ട ജയിലില്‍ ഹാജരാക്കിയ സമയത്ത് വനിതാ വാര്‍ഡന്‍മാരുടെ പരിശോധനയില്‍ രണ്ടുപുറത്തായി എഴുതിയ 21 ഷീറ്റുള്ള കത്ത് കണ്ടെടുത്തെന്ന് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയത് നാലുപേജ് മാത്രമായിരുന്നു. കത്തില്‍ 13 പ്രമുഖ വ്യക്തികളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നതായി അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

സരിതയുടെ ഫോണ്‍വിളി വിശദാംശങ്ങളില്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനുമായുള്ള നിരവധി വിളികളുടെ രേഖകളുണ്ട്. ഇതുസംബന്ധിച്ച ശബ്ദരേഖയും തെളിവായി ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന് മൌണ്ട് സിയോണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കളിമണ്ണില്‍ പറയുന്നതിന്റെ രേഖയും ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ നമ്പരിലേക്ക് സരിത വിളിച്ചതിന്റെയും ഈ നമ്പരുകളില്‍നിന്ന് സരിതയെ വിളിച്ചതിന്റെയും രേഖകളുണ്ട്. ദിവസത്തില്‍ ഒരുതവണയെങ്കിലും ഈ നമ്പരുകളിലൂടെ ആശയവിനിമയം നടന്നിട്ടുണ്ട്.

ടെനി ജോപ്പന്റെയും സലിംരാജിന്റെയും പക്കലുള്ള മൊബൈല്‍ ഫോണുകളിലേക്ക് സരിതയുടെ ഫോണില്‍നിന്ന് വിളി വന്നിട്ടുണ്ടെന്ന് കോള്‍റെക്കോഡ് വിശദാംശം സാക്ഷ്യമാകുന്നു. തങ്ങളുടെ മൊബൈല്‍ ഫോണാണ് ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്നതെന്ന് സലിംരാജ് മൊഴിനല്‍കിയിരുന്നു.

ശ്രദ്ധതിരിക്കാന്‍ പെടാപ്പാട്
തിരുവനന്തപുരം > സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സരിതയുടെ കത്തിനെമാത്രം അവലംബിച്ചാണെന്ന് ആക്ഷേപിച്ച് തടിയൂരാന്‍ കോണ്‍ഗ്രസിന്റെ ശ്രമം. സരിതയുടെ കത്ത് കേന്ദ്രീകരിച്ച് വിവാദം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.

ഖജനാവിന് സാമ്പത്തികനഷ്ടമുണ്ടായില്ല എന്ന വാദം വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. കാര്യസാധ്യത്തിനായി പണം കൈപ്പറ്റുന്നതും നല്‍കുന്നതും അഴിമതി നിരോധന നിയമപ്രകാരം കുറ്റമാണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ സരിതയില്‍നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയത് റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തുന്നുണ്ട്. കോടികളുടെ കോഴയിടപാട് നടന്നതാണ് സോളാര്‍ കേസ്. സംരംഭം തുടങ്ങാന്‍ വന്ന വനിതയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ഗുരുതരകുറ്റമാണ് അന്നത്തെ ഭരണനേതൃത്വത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രണ്ടുകോടി 16 ലക്ഷം രൂപ കൈപ്പറ്റിയെന്ന് കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. സൌരോര്‍ജപദ്ധതിക്കായി മല്ലേലി ശ്രീധരന്‍നായര്‍ നല്‍കിയ 40 ലക്ഷത്തില്‍ 32 ലക്ഷവും വിനിയോഗിച്ചത് ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കാനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്രീധരന്‍നായര്‍ക്ക് പരാതിയുണ്ടെങ്കില്‍ തന്നോട് പറയാമായിരുന്നില്ലേ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.

ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപയും എ പി അനില്‍കുമാര്‍ ഏഴുലക്ഷവും കേന്ദ്രമന്ത്രിയായിരുന്ന പളനിമാണിക്യം 25 ലക്ഷവും കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ടൌണ്‍ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ ഹൈബി ഈഡന്‍ പണം കൈപ്പറ്റി. ജയിലില്‍നിന്ന് സരിത പുറത്തിറങ്ങിയശേഷം ഇടപാടുകാര്‍ക്ക് പണം കൊടുത്ത് കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സഹായിച്ചത് ആരെന്നുള്ള ചോദ്യവും ബാക്കി.

Related News

കൂടുതൽ വാർത്തകൾ »