16 December Sunday

ഉമ്മന്‍ചാണ്ടീ... കത്തുമാത്രമല്ല തെളിവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 11, 2017


തിരുവനന്തപുരം > സോളാര്‍ തട്ടിപ്പ് കേസില്‍ കൈയോടെ പിടികൂടിയപ്പോള്‍ മുഖംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പെടാപ്പാട്. പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പുമില്ലാതായപ്പോള്‍ ജുഡീഷ്യല്‍ കമീഷനെത്തന്നെ പഴിച്ച് രക്ഷപ്പെടാനാണ് ശ്രമം. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ച വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ ന്യായവാദങ്ങള്‍ ഒന്നും ഏശിയില്ല. രണ്ടാംദിവസവും അതേ ന്യായവാദങ്ങള്‍ വളച്ചുകെട്ടി ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി നാണംകെട്ടു. ആദ്യനാള്‍ പരോക്ഷമായിരുന്നു വിമര്‍ശനമെങ്കില്‍ രണ്ടാംനാള്‍ കടുത്ത ഭാഷയില്‍ കമീഷനെ വിമര്‍ശിച്ചു. പാമൊലിന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ അന്നത്തെ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി ഹനീഫയെ പാകിസ്ഥാന്‍ ചാരനെന്ന് അനുചരരെക്കൊണ്ട് വിളിപ്പിച്ചതിന് സമാനമാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും നിയമവ്യവസ്ഥയെ അനുസരിക്കുമെന്നും ആവര്‍ത്തിച്ച് ആണയിടുന്ന ഉമ്മന്‍ചാണ്ടി പിടിക്കപ്പെടുമ്പോഴെല്ലാം പയറ്റുന്ന തന്ത്രമാണിത്. ആരോപണങ്ങള്‍ക്ക് ഒരു ശതമാനമെങ്കിലും തെളിവ് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്ന് വീമ്പിളക്കിയ ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ തെളിവുകളുടെ ഘോഷയാത്രയാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍. ഇതെല്ലാം മറച്ചുവച്ച് സരിതയുടെ കത്തിനെമാത്രം ആസ്പദമാക്കിയ റിപ്പോര്‍ട്ടെന്നുപറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം.
സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷമായി കേരള ജനതയെയും നിയമനിര്‍മാണസഭയെയും പച്ചക്കള്ളം പറഞ്ഞ് കബളിപ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് സാക്ഷ്യം. മുഖ്യമന്ത്രിയെന്നനിലയില്‍ കടുത്ത സത്യപ്രതിജ്ഞാലംഘനമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. സരിതയെ അറിയില്ലെന്നായിരുന്നു ആദ്യ നുണ. ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നുവെന്നത് നിരവധി തെളിവുകളിലൂടെ റിപ്പോര്‍ട്ട് സാധൂകരിക്കുന്നു. സരിതയുമായുള്ള കൂടിക്കാഴ്ച, അനുചരരുടെ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍, ക്ളിഫ് ഹൌസിലേക്കുള്ള ഫോണ്‍വിളിയും തിരിച്ചുള്ള വിളിയുമെല്ലാം നിരന്തരസമ്പര്‍ക്കത്തിന്റെയും ബന്ധത്തിന്റെയും തെളിവാണ്. തന്റെ ഫോണിലൂടെ സരിതയെ വിളിച്ചത് ഉമ്മന്‍ചാണ്ടിക്കുവേണ്ടിയായിരുന്നെന്ന് ഗണ്‍മാനായിരുന്ന സലിംരാജ് പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിനെ ഫോണില്‍ വിളിച്ചതുള്‍പ്പെടെ സരിതയുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ബന്ധം നിസ്സംശയം തെളിയുന്നു. ഇതിലെല്ലാമുപരിയാണ് സരിതയുടെ മുന്‍ ഭര്‍ത്താവും കേസിലെ പ്രതിയുമായ ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യചര്‍ച്ച. അത് കുടുംബകാര്യമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അങ്ങനെ കുടുംബകാര്യം പറയുന്ന ആളെ അറിയില്ലെന്ന് പിന്നീട് പറഞ്ഞു.

സരിതയുടെ തട്ടിപ്പിന് കൂട്ടുനിന്നില്ലെന്ന ന്യായം പൊളിക്കുന്നത് കോണ്‍ഗ്രസ് അനുഭാവികൂടിയായ മല്ലേലില്‍ ശ്രീധരന്‍നായര്‍, സംരംഭകരായ ബാബുരാജ്, ടി സി മാത്യു എന്നിവരുടെ മൊഴിയാണ്. ഉമ്മന്‍ചാണ്ടി നേരിട്ട് പറഞ്ഞ ശേഷമാണ് സരിതയ്ക്ക് പണം കൊടുത്തതെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞു. അതും ഉമ്മന്‍ചാണ്ടി നിഷേധിച്ചെങ്കിലും ശ്രീധരന്‍നായര്‍ കമീഷന് നല്‍കിയ മൊഴി നിര്‍ണായകമായി. ബാബുരാജിന്റെയും മാത്യുവിന്റെയും മൊഴികളും നേര്‍സാക്ഷ്യങ്ങളാണ്.

സരിതയും ബിജു രാധാകൃഷ്ണനും എല്ലാ ഇടപാടുകാരെയും കബളിപ്പിച്ചതും പണം തട്ടിയതും ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് പ്രമുഖരുടെയും ബലത്തിലാണ്്. ഈ തെളിവുകള്‍ നിഷേധിക്കാനാകില്ല. ഖജനാവിന് എന്ത് നഷ്ടം വന്നെന്ന വിചിത്രമായ ചോദ്യമാണ് മറ്റൊരു പിടിവള്ളി. ഖജനാവില്‍ നഷ്ടം വരുന്നത് മാത്രമാണോ അഴിമതി. ഒരു സര്‍ക്കാര്‍ ജീവനക്കാരനോ പൊതുപ്രവര്‍ത്തകനോ പൌരനില്‍നിന്ന് കൈക്കൂലി വാങ്ങിയാല്‍ ഖജനാവിന് ഒരു നഷ്ടവുമില്ല. ഉമ്മന്‍ചാണ്ടിയുടെ ഈ വാദം അംഗീകരിക്കുകയാണെങ്കില്‍ കൈക്കൂലിക്കും കേസെടുക്കാനാകില്ല. ഇവിടെ ഉമ്മന്‍ചാണ്ടിയും മറ്റ് ഭരണകര്‍ത്താക്കളും ഒരു തട്ടിപ്പുകാരിക്ക് തട്ടിപ്പ് നടത്താന്‍ അധികാരം ദുര്‍വിനിയോഗംചെയ്തു. ഇത് അഴിമതിയല്ലാതെ മറ്റൊന്നുമല്ല.

ചില കാര്യങ്ങളില്‍ അബദ്ധം പറ്റി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം > സോളാര്‍ കേസില്‍ അന്വേഷണ കമീഷനെ നിയമിച്ചപ്പോര്‍ ചില അബദ്ധങ്ങള്‍ പറ്റിയെന്ന് ഉമ്മന്‍ചാണ്ടി. അത് എന്താണെന്ന് പിന്നീട് വെളിപ്പെടുത്തും. വെള്ളിയാഴ്ച ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്. വ്യാഴാഴ്ചയും ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞിരുന്നു.

ചിലര്‍ ബ്ളാക്മെയില്‍ ചെയ്തെന്നും അതില്‍ ഒരാള്‍ക്ക് താന്‍ വഴങ്ങിയെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. അത് ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തും. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ധന നഷ്ടമുണ്ടായെങ്കില്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ പരാതിപ്പെടേണ്ടത് തന്നോടായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്നെ നിലയില്‍ ശ്രീധരന്‍നായരെ അറിയാം. മറ്റൊരാള്‍ പരിചയപ്പെടുത്തിയിട്ടുവേണ്ട തനിക്കും ശ്രീധരന്‍നായര്‍ക്കും സംസാരിക്കാന്‍. ഇതുവരെ അദ്ദേഹം പരാതി പറഞ്ഞിട്ടില്ല. അതിനര്‍ഥം അദ്ദേഹത്തിന് പരാതി ഇല്ല എന്നാണ്.സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കോണ്‍ഗ്രസിനകത്ത് പ്രശ്നങ്ങളില്ല. രമേശ് ചെന്നിത്തലയുമായി പ്രശ്നങ്ങളൊന്നുമില്ല- ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രധാന വാർത്തകൾ
Top