Top
20
Monday, November 2017
About UsE-Paper

സരിതയുടെ കത്തിലെ പേജിന്റെ എണ്ണവും ഉമ്മന്‍ചാണ്ടിക്ക് കച്ചിത്തുരുമ്പ്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സരിതയുടെ കത്തുതന്നെ അട്ടിമറിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ കത്തിലെ പേജുകളുടെ എണ്ണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. 21 പേജുള്ള കത്താണ് സരിത എഴുതിയതെങ്കിലും അത് 25 ആയെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വാദിക്കുന്നത്. 4 പേജുകള്‍ ഇപ്പോള്‍ അധികമായി വന്നതാണെന്ന് ഉമ്മന്‍ചാണ്ടി സമര്‍ഥിക്കുമ്പോള്‍ താനൊഴിച്ച് മറ്റുള്ളവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നെന്ന് തുറന്നു സമ്മതിക്കുകയാണ്. സ്വയം രക്ഷപ്പെട്ട്, മറ്റുള്ളവരെ കുടുക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പഴയ തന്ത്രമാണിത്. സോളാര്‍ തട്ടിപ്പ് പുറത്തുവന്ന നാള്‍മുതല്‍ സരിത എഴുതിയ '21 പേജുള്ള കത്ത്' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, 21 ഷീറ്റിലായി 42 പേജുണ്ടെന്നാണ് അന്നത്തെ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയത്. മറ്റ് ഉന്നതരുടെ പേരുകളെല്ലാം നേരത്തെ പുറത്തുവന്ന കത്തിലുണ്ട്. അന്നും ഉമ്മന്‍ചാണ്ടിയുടെ പേര് പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്താന്‍ നാലുപേജ് ചേര്‍ത്തെന്ന ന്യായവും ഇതിലൂടെ പൊളിയുന്നു.

ഇവിടെയും ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രി കാണിച്ച മറ്റൊരുകള്ളംകൂടിയാണ് പൊളിയുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണ് അന്ന് 21 ഷീറ്റുള്ള കത്ത് ജയില്‍ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയത്. എന്നിട്ട് എന്തുകൊണ്ട് അന്ന് പ്രത്യേക അന്വേഷണ സംഘം അത് പരിശോധിച്ചില്ല. അന്വേഷണസംഘം ഉന്നതര്‍ക്കെതിരായ കേസ് അട്ടിമറിച്ചെന്നതിന് ഇതില്‍പ്പരം വേറെ സാക്ഷ്യമാവശ്യമില്ല. കൂടാതെ അന്ന് 21 ഷീറ്റ് കത്തെഴുതിയ സരിതയെ രായ്ക്കുരാമാനമാണ് തലസ്ഥാനത്തെ ജയിലിലേക്ക് മാറ്റിയത്. സരിത പത്തനംതിട്ടയില്‍ വച്ചെഴുതിയ കത്ത് ആവിയായപ്പോള്‍ തിരുവനന്തപുരത്ത് പുതിയ കത്ത് രൂപംകൊണ്ടതിനുപിന്നിലെ ഗൂഢാലോചനയ്ക്കും ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടിവരും.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ സരിത അന്ന് നേരിട്ട് പേരുകള്‍ വെളിപ്പെടുത്തി. എസിജെഎം അത് രേഖപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരികൃഷ്ണനെ അറിയിക്കുകയും ചെയ്തു. ഹരികൃഷ്ണന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിന് ഇതിനുപുറമെയും തെളിവുകളുണ്ട്.

അന്ന് സരിതയുടെ കത്ത് ആവിയാക്കിയ ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ പേജിന്റെ എണ്ണംപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ സരിതയെ സന്ദര്‍ശിച്ച് ഉന്നതര്‍ നടത്തിയ രഹസ്യചര്‍ച്ചയും പിന്നീടുണ്ടായ ഒത്തുതീര്‍പ്പുവ്യവസ്ഥകളുമെല്ലാം വീണ്ടും അന്വേഷിക്കുമ്പോള്‍ ഒന്നാംപ്രതിസ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിക്ക് മാറാനാകില്ല.

Related News

കൂടുതൽ വാർത്തകൾ »