Top
20
Monday, November 2017
About UsE-Paper

പുതുശേരിയുടെ ആത്മകഥ പിന്തിരിപ്പന്മാര്‍ക്ക് മറുപടി: മുഖ്യമന്ത്രി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുടെ വിഷലിപ്തമായ ചോദ്യങ്ങളുടെ മുനയൊടിക്കുന്ന ഉത്തരമാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ 'തിളച്ച മണ്ണില്‍ കാല്‍നടയായി' ആത്മകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവേഷകനും അധ്യാപകനും കവിയുമായ പുതുശ്ശേരി രാമചന്ദ്രന്റെ നവതി ആഘോഷം ഉദ്ഘാടനവും ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാര്‍ഥികള്‍ പഠിച്ചാല്‍മാത്രം മതിയെന്നുപറഞ്ഞ് വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ തിരിയുന്നവര്‍ ഡോ. പുതുശ്ശേരിയടക്കമുള്ളവരുടെ ജീവിതംകൂടി മനസ്സിലാക്കണം.  സമരവും പഠനവും ഒന്നിച്ചുകൊണ്ടുപോയവര്‍ക്ക് സമരംകൊണ്ട് പഠനം തകരുകയോ  ജീവിതം നശിക്കുകയോ ചെയ്തിട്ടില്ല. എഴുത്തുകാരന്‍ അടച്ചിട്ട മുറിയിലിരുന്ന് എഴുതിയാല്‍മതിയെന്നും തൊഴിലാളികള്‍ എന്തിനാണ് ചുറ്റുപാടും നടക്കുന്ന സംഭവങ്ങളില്‍ ഇടപെടുന്നത്, അച്ചടക്കത്തോടെ പണിയെടുത്താല്‍ പോരേ എന്നെല്ലാമുള്ള വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച മഹാന്മാരില്‍ ഒരാളാണ് ഡോ. പുതുശ്ശേരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുസ്തകത്തിന്റെ ആദ്യ പ്രതി ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് ഏറ്റുവാങ്ങി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. നവതി ആശംസാപത്രം കവി പ്രഭാവര്‍മ്മ സമര്‍പ്പിച്ചു. പ്രൊഫ. വി എന്‍ മുരളി സ്വാഗതവും ചിന്ത പബ്ളിഷേഴ്സ് ജനറല്‍ മാനേജര്‍ കെ ശിവകുമാര്‍ നന്ദിയും പറഞ്ഞു.

നവതി ആഘോഷങ്ങളുടെ ഭാഗമായി ഡോ. പുതുശ്ശേരിയുടെ ഭാഷാഗവേഷണം, സാഹിത്യസംഭാവനകള്‍, സാമൂഹ്യസംഘടനാ രംഗത്തെ സംഭാവനകള്‍  എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഡോ. ജി ബാലമോഹന്‍തമ്പി ഉദ്ഘാടനംചെയ്തു. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ. പി സോമന്‍,  ബി രാജീവന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സുമേഷ് കൃഷ്ണന്‍, ലക്ഷ്മിദാസ് എന്നിവര്‍ പുതുശ്ശേരിക്കവിതകള്‍ ആലപിച്ചു. ഡോ. ഡി ജയദേവദാസ് സ്വാഗതം പറഞ്ഞു.