Top
21
Tuesday, November 2017
About UsE-Paper

കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം നിര്‍മാണം മന്ത്രി വിലയിരുത്തി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

അമ്പലപ്പുഴ > കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലത്തിന്റെ നിര്‍മാണപുരോഗതി മന്ത്രി ജി സുധാകരന്‍ വിലയിരുത്തി. 354.36 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും നിര്‍മാണം പൂര്‍ത്തിയാകുന്ന പാലം ആറരവര്‍ഷംമുമ്പ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. 34.72 കോടിയാണ് നിര്‍മാണചെലവ്.

നെടുമുടി- അമ്പലപ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം പൂര്‍ത്തിയായാല്‍ കുട്ടനാട്- അപ്പര്‍കുട്ടനാട് മേഖലയിലെ ജനങ്ങളുടെ യാത്രാക്ളേശത്തിന് വിരാമമാകും. ദേശീയ ജലപാതയായ പൂകൈതയാറിനു കുറുകെയാണ് നിര്‍മാണമെന്നതിനാല്‍ ജലനിരപ്പില്‍നിന്ന് ഏഴുമീറ്റര്‍കൂടി ഉയരംവേണമെന്ന് കേന്ദ്രനിര്‍ദേശമുണ്ടായി. മൂന്നില്‍ രണ്ടുഭാഗം നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് ഈ നിര്‍ദേശമുണ്ടായത്. എന്നാല്‍ ഇതിന്മേല്‍ എസ്റ്റിമേറ്റ് പുതുക്കി നല്‍കുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരോ ചീഫ് എന്‍ജിനിയറോ നടപടി കൈക്കൊള്ളാതിരുന്നത് പാലത്തിന്റെ നിര്‍മാണം മുടങ്ങാന്‍ കാരണമായി. തുടക്കത്തിലുള്ള എസ്റ്റിമേറ്റ് തുകയെക്കാള്‍ 16.75 കോടി രൂപകൂടി വര്‍ധിപ്പിച്ചാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനം.

കുട്ടനാട്ടിലും സമീപസ്ഥലങ്ങളിലുമായി 10 പാലങ്ങളാണ് നിര്‍മിക്കുകയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്താകെയുള്ള 3000 പാലങ്ങളില്‍ 375 എണ്ണം പുതുക്കിപ്പണിയണം. ആലപ്പുഴയില്‍ കനാല്‍ നവീകരണത്തിനുള്‍പ്പെടെ 20 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചാല്‍ കാപ്പിത്തോട് ഉള്‍പ്പെടെയുള്ള കനാലുകള്‍ക്ക് ശാപമോക്ഷമാകും. ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും പുതുക്കിപണിയുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ഞിപ്പാടം ജങ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ അധ്യക്ഷനായി.