ആലപ്പുഴ> സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആലപ്പി ഗുജറാത്തി പൈതൃക ശില്‍പ്പശാല ശനിയും ഞായറും ഗുജറാത്തി സ്കൂളില്‍ നടക്കും. രാവിലെ 11ന് വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് അധ്യക്ഷനാകും. മന്ത്രി പി തിലോത്തമന് സുവനീര്‍ പ്രകാശിപ്പിക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈയില്‍നിന്നുള്ള 75 പ്രതിനിധികള്‍ വെള്ളിയാഴ്ച എത്തി. ഇവരെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ സ്വാഗതസംഘം ഭാരവാഹികളായ കെ എന്‍ പ്രേമാനന്ദന്, അഡ്വ. ധ്രുവകുമാര്‍, കൌണ്‍സിലര്‍ എം ആര് പ്രേം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ ഘട്ടങ്ങളിലായി ആലപ്പുഴയില്‍നിന്ന് മുംബൈയ്ക്കുപോയവരാണ് ഇവര്‍. 150 പേരാണ് മറുനാടുകളില്‍നിന്ന് എത്തുന്നത്. ശില്‍പ്പശാല ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ തുടരും.
എല്ലാദിവസവും ബീച്ചില്‍ കേരളത്തിലെ ഗുജറാത്തി വനിതകള്‍ ഒരുക്കുന്ന ഗുജറാത്തി വിഭവങ്ങള്‍ ഉള്ക്കാള്ളിച്ചുള്ള ഭക്ഷ്യമേള നടക്കും. ഗുജറാത്ത് സര്‍ക്കാര്‍ അയച്ചിട്ടുള്ള കലാകാരന്മാര് രണ്ടുദിവസവും ബീച്ചില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.