15 December Saturday

കാൻഡിലിവർ പാലം 2 ആഴ‌്ചയ‌്ക്കകം പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കൊച്ചി
കൊച്ചി മെട്രോയുടെ കാൻഡിലിവർ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ രണ്ടാഴ‌്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന‌്  ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അധികൃതർ. അവസാന മിനുക്കുപണികൾ നടന്നുവരികയാണ‌്. 90 മീറ്റർ നീളത്തിൽ തൂണുകൾ ഇല്ലാതെ, വളഞ്ഞ ആകൃതിയിലുള്ള മെട്രോ കാൻഡിലിവർ പാലം രാജ്യത്ത‌് ആദ്യത്തേതാണ‌്.

സൗത്ത‌് റെയിൽവേ സ‌്റ്റേഷനു സമീപം റെയിൽപ്പാളത്തിനുമുകളിലൂടെയാണ‌് പാലം നിർമിക്കുന്നത‌്. രാജ്യത്തെ മറ്റു മെട്രോകളിൽ കാൻഡിലിവർ പാലങ്ങളുണ്ടെങ്കിലും വളഞ്ഞ ആകൃതിയിലുള്ള തൂണുകളില്ലാത്ത പാലം  കൊച്ചി മെട്രോയ‌്ക്ക‌ുമാത്രം സ്വന്തം. മൂന്നു മീറ്റർവീതം രണ്ടുവശത്തുനിന്നുമാണ‌് പാലം നിർമിച്ചത‌്. ഇത‌് കൂട്ടിമുട്ടിക്കലും അവസാനവട്ട മിനുക്കുപണികളും അതീവ സൂക്ഷ‌്മതയോടെയാണ‌് പൂർത്തിയാക്കുന്നത‌്. നേരിയ പിഴവുപോലും പാലത്തെ വളരെ ദോഷകരമായി ബാധിക്കും.  ഇതുകണക്കിലെടുത്ത‌്,  ഓരോ മീറ്റർ നിർമാണം കഴിയുമ്പോഴും ഡിഎംആർസിയുടെ എൻജിനിയറിങ‌് വിദഗ‌്ധർ പരിശോധന നടത്തിയിരുന്നു. പാലം പൂർത്തിയാകുന്നതോടെ തൃപ്പൂണിത്തുറവരെയുള്ള പാത ദീർഘിപ്പിക്കലും വേഗത്തിലാകും. ആഗസ‌്തിൽ പൂർത്തിയാക്കാനാണ‌് ലക്ഷ്യമിട്ടിരുന്നതെങ്കിലും അങ്ങേയറ്റം സൂക്ഷ‌്മത പുലർത്തുന്നതിനാലാണ‌് പാലം പൂർത്തിയാകാൻ   വൈകിയത‌്. കനത്ത മഴയും നിർമാണപ്രവർത്തനങ്ങളെ ബാധിച്ചു. 2019 മാർച്ചിൽ മഹാരാജാസ‌് കോളേജ‌് ഗ്രൗണ്ടിൽനിന്ന‌് തൈക്കൂടത്തേക്ക‌് മെട്രോ ഓടിയെത്തും. ഇതു ലക്ഷ്യമിട്ടുള്ള നിർമാണപ്രവർത്തനങ്ങൾ മുന്നേറുകയാണെന്ന‌് ഡിഎംആർസി അധികൃതർ പറഞ്ഞു.


പ്രധാന വാർത്തകൾ
Top