15 December Saturday

കീബോർഡ‌ിൽ വിസ‌്മയംതീർത്ത‌് മാലതി ജി മേനോൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


കൊച്ചി
പിന്നൽ തിരുവാതിരയിലൂടെ ലിംക ബുക‌് ഓഫ‌് വേൾഡ‌് റെക്കോഡിൽ ഇടംപിടിച്ച മാലതി ജി മേനോൻ അടുത്ത അത‌്ഭുതത്തിനായി കരുതിവച്ചത‌് കീബോർഡ‌്. എറണാകുളം കരയോഗത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ടിഡിഎം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ‌് ഇവരുടെ കീബോർഡ‌് ആസ്വാദകർക്ക‌് വിസ‌്മയമായത‌്. അഖിലാണ്ഡ മണ്ഡലം, അമ്മേ നാരായണ, കണികാണും നേരം, ചെത്തിമന്ദാരം തുളസി, സ്വാഗതം കൃഷ‌്ണ തുടങ്ങിയ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു സംഗീത പരിപാടി . ഇടയ‌്ക്കയിൽ ചേന്ദമംഗലം മുകുന്ദൻ അകമ്പടിയേകി.

കലാരംഗത്ത‌് അത‌്ഭുതം സൃഷ‌്ടിക്കുന്നത‌് 80 പിന്നിട്ട മാലതി ജി മേനോന‌് പുതുമയല്ല. ഹിന്ദി അധ്യാപികയായിരുന്ന ഇവർ 1992ൽ പനമ്പിള്ളി നഗർ ഗവ. സ‌്കൂളിൽനിന്ന‌് വിരമിച്ച ശേഷമാണ‌് കലാരംഗത്തേക്ക‌് കടക്കുന്നത‌്. പാർവണേന്ദു എന്ന പേരിൽ തിരുവാതിര സ‌്കൂൾ രവിപുരത്ത‌് ആരംഭിച്ചു. പിന്നൽ തിരുവാതിര എന്ന നൂതന കലാരൂപം ഇവർ വികസിപ്പിച്ചെടുത്തു.   മൂവായിരത്തിലേറെ സ‌്ത്രീകളെ അണിനിരത്തി എറണാകുളത്ത‌് അവതരിപ്പിച്ച പിന്നൽ തിരുവാതിര ചരിത്രമാണ‌്. ഇത‌് ലിംക ബുക‌് ഒാഫ‌് വേൾഡ‌് റെക്കോഡ‌്സിൽ ഇടംപിടിച്ചു. തിരുവാതിര പഠിപ്പിച്ചുവരവെ ഇടയ‌്ക്ക, കഥകളി, ചെണ്ട എന്നിവയിലും കൈവച്ചു. ഇപ്പോൾ ജാസ‌് ഡ്രംസിനെക്കൂടി വരുതിയിലാക്കാനുള്ള ശ്രമത്തിലാണ‌് ഇവർ.  2006 ലാണ‌് ഇവ അഭ്യസിച്ചു തുടങ്ങിയത‌്. വൈകാതെ അരങ്ങേറ്റവും നടത്തി. ഇടയ‌്ക്കയിൽ തൃപ്പൂണിത്തുറ കൃഷ‌്ണദാസ‌്, കഥകളിയിൽ കലാമണ്ഡലം ഗോപിനാഥ‌്, ചെണ്ടയിൽ കടവന്ത്ര രഞ‌്ജിത്ത‌് എന്നിവരാണ്‌ ഗുരുക്കന്മാർ. ഇതിനു ശേഷമാണ‌് കീബോർഡിലേക്ക‌് തിരിഞ്ഞത‌്. ചിന്മയ സുധാകുമാറാണ‌് കീബോർഡ‌് ഗുരു. വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു. കീബോർഡ‌് പരിചിതമായതോടെ മാലതി ജി മേനോൻ പാട്ടുകൾ ഗുരുവിനെ പാടി കേൾപ്പിച്ചു. ഗുരു ഇവയുടെ സ്വരസ്ഥാനങ്ങൾ എഴുതി നൽകി. ഇത‌് പഠിച്ചാണ‌് കീ ബോർഡ‌് വായന.  ചങ്ങമ്പുഴ പാർക്കിൽ ഒന്നര വർഷം മുമ്പായിരുന്നു അരങ്ങേറ്റം.

17ന‌് തിരുവൈരാണിക്കുളത്ത‌് പരിപാടി അവതരിപ്പിക്കുന്നുണ്ട‌്. കീബോർഡ‌് പഠിക്കാൻ വളരെ എളുപ്പമാണെന്ന‌് മാലതി ജി മേനോൻ പറയുന്നു. കൃത്യമായി സാധകം ചെയ്യണമെന്നു മാത്രം. സംഗീതത്തിലും കഥകളിയിലും തിരുവാതിരയിലും  ഒതുങ്ങി നിൽക്കുന്നതല്ല ഇവരുടെ കലാസപര്യ. പതിനഞ്ചോളം സിനിമകളിലും അഞ്ച‌് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയിൽ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിക്കുന്നതും മാലതി ജി മേനോൻ ആണ‌്. പ്രസിദ്ധ ക്യാൻസർ രോഗ ചികിൽസകൻ ഡോ. പി വി ഗംഗാധരനെ സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.


പ്രധാന വാർത്തകൾ
Top